ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള റെയിൽവേ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 48 മോഷ്ടാക്കൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

കേരളത്തിനകത്തും പുറത്തുനിന്നുമായി പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. രാത്രിയിൽ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും ഉറങ്ങുന്ന യാത്രക്കാരെയും തിരക്കേറിയ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരെയുമാണ് മോഷ്ടാക്കൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.

ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സൈബർ സെല്ലിൻ്റെയും രഹസ്യാന്വേഷണ വിഭാഗത്തിൻ്റെയും സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. അറസ്റ്റിലായവരിൽ നിന്ന് 30 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന തൊണ്ടിമുതലുകളും പൊലീസ് പിടിച്ചെടുത്തു.

54 മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പുകൾ, സ്വർണാഭരണങ്ങൾ, 90,000 രൂപ, ചാർജറുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. ഫോണുകളുടെയും ലാപ്ടോപ്പുകളുടെയും യഥാർഥ ഉടമകളെ കണ്ടെത്തി അവ തിരികെ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വരും ദിവസങ്ങളിലും ട്രെയിനുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും നിരീക്ഷണവും പരിശോധനയും കൂടുതൽ ശക്തമാക്കുമെന്ന് കേരള റെയിൽവേ പൊലീസ് വ്യക്തമാക്കി.

Related Posts