ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് ജനജീവിതത്തെ ബാധിക്കാതിരിക്കാൻ സെപ്റ്റംബർ 27 ഞായറാഴ്ച രാജ്യത്തെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും. സെപ്റ്റംബർ 28 മുതൽ 30 വരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആഹ്വാനം ചെയ്ത പണിമുടക്കിനെ തുടർന്നാണ് നടപടി.
സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയുമാണ്. ഇതിന് പിന്നാലെ മൂന്ന് ദിവസത്തെ പണിമുടക്ക് കൂടി വരുന്നതോടെ ബാങ്കിംഗ് സേവനങ്ങൾ തുടർച്ചയായി അഞ്ച് ദിവസത്തോളം തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് സെപ്റ്റംബർ 27ന് ബാങ്കുകൾ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്.
സെപ്റ്റംബർ 30 ബാങ്കുകളുടെ അർധവാർഷിക കണക്കെടുപ്പ് നടക്കുന്ന ദിവസമായതിനാൽ ബാങ്കിംഗ്, ട്രഷറി പ്രവർത്തനങ്ങൾക്ക് നിർണായകമാണ്. പണിമുടക്ക് കണക്കെടുപ്പിനെയും വിപണി ക്രമീകരണങ്ങളെയും ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.