പാർലമെന്റിൻ്റെ വർഷകാല സമ്മേളനം ജൂലൈ 20 മുതൽ ഓഗസ്റ്റ് 13 വരെ നടക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ അനുമതിയോടെയാണ് സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ വിശദമായ ചർച്ചകളും സുപ്രധാന നിയമനിർമാണങ്ങളും ഈ സമ്മേളനത്തിൽ നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സമ്മേളനത്തിൽ രണ്ട് നിർണായക ഭരണഘടനാ ഭേദഗതി ബില്ലുകൾ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായി 30 ദിവസത്തിലധികം തുടർച്ചയായി ജയിലിൽ കഴിയുകയും ജാമ്യം ലഭിക്കാതിരിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ സ്ഥാനത്തുനിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന 130-ാം ഭരണഘടനാ ഭേദഗതി ബിൽ ഇതിൽ ഉൾപ്പെടുന്നു.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിനായുള്ള മണ്ഡല പുനർനിർണയവുമായി (ഡീലിമിറ്റേഷൻ) ബന്ധപ്പെട്ട 131-ാം ഭരണഘടനാ ഭേദഗതി ബില്ലും ഈ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
രാജ്യത്തിൻ്റെ രാഷ്ട്രീയ സംവിധാനത്തെയും ഭരണഘടനാ ഘടനയെയും നേരിട്ട് ബാധിക്കുന്ന ബില്ലുകളായതിനാൽ ഇവ പാർലമെന്റിൽ വ്യാപക ചർച്ചകൾക്കും രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കും വഴിവെക്കുമെന്നാണ് വിലയിരുത്തൽ.