ഗുജറാത്തിലെ രാജ്കോട്ടിൽ 23 വയസ്സുകാരനെ മാതാപിതാക്കൾ കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. ഗോണ്ടൽ താലൂക്കിലെ ഗുണ്ടാല ഗ്രാമത്തിൽ താമസിച്ചിരുന്ന റാം ബാബുഭായ് ബംഭാവയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ബാബുഭായിയെയും മാതാവ് മനീഷാബെന്നിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ജൂൺ 30നാണ് റാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ഇത് ആത്മഹത്യയാണെന്നായിരുന്നു പൊലീസിൻ്റെ നിഗമനം. എന്നാൽ ഭാര്യ ഉന്നയിച്ച സംശയത്തെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

മദ്യാസക്തനായിരുന്ന റാമും മാതാപിതാക്കളും തമ്മിൽ മദ്യപാനത്തെ ചൊല്ലി പതിവായി തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസവും തർക്കം രൂക്ഷമായതോടെ മാതാവ് ബലമായി ആസിഡ് കുടിപ്പിക്കുകയും തുടർന്ന് പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

കൊലപാതകം ആത്മഹത്യയായി ചിത്രീകരിക്കാൻ പിതാവ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചെന്നും പൊലീസ് ആരോപിച്ചു. റാമിൻ്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് തുടർ അന്വേഷണം ആരംഭിച്ചു.

Related Posts