ചാർട്ടേഡ് വിമാനയാത്രയെച്ചൊല്ലിയ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മലപ്പുറത്തേക്കുള്ള യാത്രയ്ക്ക് സർക്കാർ ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും പരിചയക്കാരനായ ഒരാളാണ് വിമാനം ഏർപ്പാടാക്കി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

വിമാനം ഏർപ്പാടാക്കിയ വ്യക്തിയുടെ പേര് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യാത്രയ്ക്ക് പണം മുടക്കിയ വ്യക്തിക്ക് പകരമായി യാതൊരു ഔദാര്യവും ചെയ്തുനൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻചാണ്ടിയും ഉൾപ്പെടെ രാജ്യത്തെ മറ്റു മുഖ്യമന്ത്രിമാരും സമാനമായ രീതിയിൽ വിമാനയാത്ര നടത്തിയിട്ടുണ്ടെന്നും അതിൽ തെറ്റില്ലെന്നും സതീശൻ പറഞ്ഞു. ഭാവിയിലും ആവശ്യമായ സാഹചര്യങ്ങളിൽ ഇത്തരം വിമാനയാത്രകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താനായിരുന്നു സതീശൻ്റെ ചാർട്ടേഡ് വിമാനയാത്ര. കരിപ്പൂരിലേക്ക് സാധാരണ യാത്രാവിമാനം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ചാർട്ടേഡ് വിമാനം ഉപയോഗിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചത്. യാത്രയ്ക്ക് സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടായിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

Related Posts