ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കാറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജില്ലാ പൊലീസ് ആസ്ഥാനത്തിന് കീഴിൽ സേവനമനുഷ്ഠിച്ചിരുന്ന ഹെഡ് കോൺസ്റ്റബിൾ ഫരീദ് അഹമ്മദും സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിൾ മുഹമ്മദ് യാഖൂബുമാണ് മരിച്ചത്.
ചൊവ്വാഴ്ച ബട്ടോട്ട് സന മേഖലയിലെ സിയാറത്ത് മോറിന് സമീപം JK-19/5299 നമ്പർ ഫിയറ്റ് ഫിയാസ് കാറിനുള്ളിലാണ് ഇരുവരെയും കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
മരണകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. വിഷവാതകം ശ്വസിച്ചതടക്കമുള്ള സാധ്യതകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂവെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.