കർണാടകയിലെ സർക്കാർ ഹൈസ്കൂളുകളിൽ മൂന്നാം ഭാഷയ്ക്ക് പകരമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പഠിപ്പിക്കാനുള്ള നീക്കത്തിനെതിരെ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ 2,000-ത്തിലേറെ അധ്യാപകർ പ്രതിഷേധിച്ചു. ദേശീയ ഭാഷാ ഹിതരക്ഷണ വേദികെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
2026-27 അധ്യയന വർഷം മുതൽ സംസ്ഥാനത്തെ 1,642 സർക്കാർ സ്കൂളുകളിലെ 9, 10 ക്ലാസുകളിൽ AI ഒരു വൊക്കേഷണൽ വിഷയമായി അവതരിപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം. തിരഞ്ഞെടുത്ത സ്കൂളുകളിൽ ഇത് മൂന്നാം ഭാഷാ ഓപ്ഷന് പകരമായിരിക്കും. AI പഠിപ്പിക്കുന്നതിനെ എതിർക്കുന്നില്ലെന്നും, എന്നാൽ മൂന്നാം ഭാഷയ്ക്ക് പകരമായി AI കൊണ്ടുവരുന്നതിനെയാണ് എതിർക്കുന്നതെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. AIയെ പ്രത്യേക സ്കിൽ അധിഷ്ഠിതമോ ഐച്ഛികമോ ആയ വിഷയമായി ഉൾപ്പെടുത്തണമെന്നാണ് അവരുടെ ആവശ്യം.
ഹിന്ദി, സംസ്കൃതം, ഉറുദു, തെലുങ്ക്, തമിഴ്, മറാത്തി, കൊങ്കണി, തുളു, മലയാളം, അറബിക് തുടങ്ങിയ ഭാഷകൾ സർക്കാർ സ്കൂളുകളിൽ പഠിപ്പിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ അധ്യാപക നിയമനനയവും ആശങ്കയുണ്ടാക്കുന്നതായി വേദികെ ചൂണ്ടിക്കാട്ടി. എല്ലാ അംഗീകൃത ഭാഷകൾക്കും അധ്യാപക നിയമനം പുനരാരംഭിക്കണമെന്നും വിദ്യാർഥികളുടെ എണ്ണം അനുസരിച്ച് പ്രത്യേക ഭാഷാധ്യാപക തസ്തികകൾ സൃഷ്ടിക്കണമെന്നും അവർ ആവശ്യപ്പെട്ടു.