ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ഹെബ്ബാളിൽ നിർമിക്കാൻ നിർദേശിച്ചിരിക്കുന്ന 2.3 കിലോമീറ്റർ ടണൽ റോഡിന് 1,128 മരങ്ങൾ മുറിച്ചുമാറ്റാൻ നീക്കം. പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് എതിർപ്പുകളും നിർദേശങ്ങളും ക്ഷണിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി.
ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി. മൂന്ന് വരികളുള്ള ഇരുദിശാ ഭൂഗർഭ പാതയ്ക്കായി പദ്ധതിപ്രദേശത്തെ മരങ്ങൾ നീക്കം ചെയ്യാനാണ് നിർദേശം. ഹെബ്ബാൾ ജങ്ഷനിൽ നിന്ന് കാർഷിക സർവകലാശാല സ്റ്റാഫ് ക്വാർട്ടേഴ്സ് വരെ, കർണാടക വെറ്ററിനറി, ആനിമൽ ആൻഡ് ഫിഷറീസ് സയൻസസ് സർവകലാശാല വഴിയാണ് ടണൽ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിക്കായി ഹെബ്ബാൾ തടാക പ്രദേശത്തെ ഏകദേശം 3.5 ഏക്കർ ഭൂമി വിട്ടുനൽകാൻ ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ നേരത്തെ സമ്മതിച്ചിരുന്നു.
അതേസമയം, ടണൽ നിർമാണ പദ്ധതിക്കെതിരെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതിയിൽ ഹർജികൾ നിലവിലുണ്ട്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ട്രീ ഓഫീസറും ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സും പുറത്തിറക്കിയ പൊതുനോട്ടീസ് പ്രകാരം, നിർദിഷ്ട പദ്ധതിപ്രദേശത്തുള്ള മരങ്ങളാണ് ഭൂഗർഭ ഇരട്ട ടണലുകളുടെ നിർമാണത്തിനായി നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്നത്.