ബെംഗളൂരുവിൽ ഇന്നലെ പെയ്ത മഴ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും കാരണമായി. രാവിലെ 8.30 മുതൽ രാത്രി 8.30 വരെ നഗരത്തിൽ 22.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായി കർണാടക സ്റ്റേറ്റ് നാച്ചുറൽ ഡിസാസ്റ്റർ മോണിറ്ററിങ് സെന്റർ കണക്കുകൾ വ്യക്തമാക്കുന്നു. ജി കെ വി കെയിൽ 46 മില്ലിമീറ്ററും ബെംഗളൂരു അർബനിൽ 24 മില്ലിമീറ്ററും മഴ ലഭിച്ചു.
ബനശങ്കരി, വൈറ്റ്ഫീൽഡ്, കമ്മനഹള്ളി, മാറത്തഹള്ളി, രാജരാജേശ്വരി നഗർ, യെലഹങ്ക, നാഗവാര, കോറമംഗല, വിജയനഗർ തുടങ്ങിയ മേഖലകളിൽ മഴ ശക്തമായിരുന്നു. തുബരഹള്ളി–വർത്തൂർ കോഡി റോഡിലും ഇലക്ട്രോണിക് സിറ്റി, ഐടിപിഎൽ, കെ.ആർ.പുരം, ഗാന്ധിനഗർ, ജെ.പി.നഗർ എന്നിവിടങ്ങളിലും മഴയെ തുടർന്ന് ഗതാഗതം മന്ദഗതിയിലായി.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിന്നതോടെ വാഹനയാത്രയും ബുദ്ധിമുട്ടിലായി. ബനശങ്കരി, കോറമംഗല തുടങ്ങിയ പ്രദേശങ്ങളിലും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തു. മഴയ്ക്ക് പിന്നാലെ ചില റോഡുകളിൽ ഡ്രെയിനുകൾ അടഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഫ്ലൈഓവറിന് സമീപം ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ഡ്രെയിനുകളിൽ അടിഞ്ഞുകൂടിയ മാലിന്യവും ചെളിയും നീക്കം ചെയ്തു.
ഇന്നും ബെംഗളൂരുവിൽ മഴയ്ക്കും ഇടിമിന്നലിനുമൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഇന്ന് കുറഞ്ഞ താപനില 21 ഡിഗ്രിയും കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് പ്രവചനം. സെപ്റ്റംബർ 23 മുതൽ നേരിയ മഴയ്ക്കുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.