72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ വിതരണച്ചടങ്ങ് ഇന്ന് ഗുജറാത്തിലെ കെവാദിയയിൽ നടക്കും. ഡൽഹിക്ക് പുറത്തായി ആദ്യമായാണ് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങ് സംഘടിപ്പിക്കുന്നത്. ഏകതാനഗറിൽ സർദാർ വല്ലഭ്ഭായ് പട്ടേൽ പ്രതിമയ്ക്ക് അഭിമുഖമായി ഒരുക്കിയ പ്രത്യേക വേദിയിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ സമ്മാനിക്കും.

മലയാള സിനിമയ്ക്കും ഇത്തവണ നിരവധി പുരസ്കാരങ്ങളുണ്ട്. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം വൈക്കം വിജയലക്ഷ്മിക്കും, ക്യാമറാമാനുള്ള പുരസ്കാരം ഷഹ്‌നാദ് ജലാലിനും ലഭിക്കും. മികച്ച മലയാള സിനിമയുടെ സംവിധായകനായി ഫാസിൽ മുഹമ്മദും ദേശീയ പുരസ്കാരം ഏറ്റുവാങ്ങും. ജോഷി ബെനഡിക്ട്, ആനന്ദ് ജ്യോതി എന്നിവർക്കും പുരസ്കാരങ്ങളുണ്ട്.

മലയാളികൾക്ക് പരിചിതനായ കന്നഡ നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ചടങ്ങിൽ സമ്മാനിക്കും. മികച്ച നടനുള്ള പുരസ്കാരം സ്വീകരിക്കുന്നതിനായി നടൻ മമ്മൂട്ടിയും ജൂറി ചെയർമാനും സംവിധായകനുമായ ജയരാജും ഇന്നലെ വൈകിട്ട് കെവാദിയയിൽ എത്തി.

1954ൽ ആരംഭിച്ച ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങ് ഇതാദ്യമായാണ് ഡൽഹിക്ക് പുറത്തേക്ക് എത്തുന്നത്. രാജ്യത്തെ വിവിധ ഭാഷകളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കും.

Related Posts