കന്യാകുമാരി: തിരുപ്പറപ്പിന് സമീപം കോതയാറിൽ മാസങ്ങളായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ഭീമൻ മുതല ഒടുവിൽ വനംവകുപ്പിൻ്റെ വലയിലായി. ഏകദേശം 300 കിലോ ഭാരമുള്ള മുതലയെയാണ് പ്രത്യേക സംഘം ഇന്ന് രാവിലെ പിടികൂടിയത്. ഏഴ് മാസത്തിലേറെയായി കോതയാറിൽ മുതലയുടെ സാന്നിധ്യം പ്രദേശവാസികൾ ശ്രദ്ധിച്ചിരുന്നു. മുതലയുടെ ദൃശ്യങ്ങളും നാട്ടുകാർ പകർത്തിയിരുന്നു. തുടർന്ന് വനംവകുപ്പ് വിവിധ രീതികളിൽ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും മുതല പലതവണ കെണിയിൽനിന്ന് രക്ഷപ്പെട്ടു. ചെന്നൈയിൽ നിന്നുള്ള പ്രത്യേക സംഘത്തെയും ഇതിനായി എത്തിച്ചിരുന്നു. കോഴിയെയും ആടിനെയും ഇരയാക്കി കെണിയൊരുക്കിയെങ്കിലും മുതല അതിൽ കുടുങ്ങിയില്ല.
തുടർന്ന് മുതലയുടെ സഞ്ചാരപാതകൾ നിരീക്ഷിച്ച് പ്രത്യേക സംഘം വിവിധ സ്ഥലങ്ങളിൽ വലകൾ സ്ഥാപിച്ചു. ഇന്ന് രാവിലെ നിലക്കൽ ആറ്റുപാതയ്ക്ക് സമീപം സ്ഥാപിച്ച വലയിൽ മുതല കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് നിരവധി നാട്ടുകാർ സ്ഥലത്തെത്തി. കൂടുതൽ വലകൾ ഉപയോഗിച്ച് സുരക്ഷിതമായി കരയിലെത്തിച്ച മുതലയെ പിന്നീട് സീറോ പോയിന്റിലെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. പിടികൂടിയ മുതലയെ എവിടേക്ക് മാറ്റണമെന്ന കാര്യത്തിൽ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം.