നടി മഞ്ജു വാര്യർ സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ എറണാകുളം മുൻസിഫ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സനൽ കുമാർ നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നടത്തുന്നതായി ഹർജിയിൽ ആരോപിക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരെ പങ്കുവച്ച കുറിപ്പുകൾ പിൻവലിക്കണമെന്നും മഞ്ജു വാര്യർ ആവശ്യപ്പെട്ടു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സനൽ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ തെരുവിൽവെച്ചാണ് അദ്ദേഹം സമരം നടത്തുന്നത്.

താൻ ഉന്നയിച്ച വിഷയങ്ങളിൽ സർക്കാരും നിയമ സംവിധാനങ്ങളും അടിയന്തരമായി ഇടപെടാത്തതിനെ തുടർന്നാണ് സമരമെന്നാണ് സനൽ കുമാറിന്റെ വിശദീകരണം. കഴിഞ്ഞ നൂറ് ദിവസമായി സാമൂഹിക മാധ്യമങ്ങളിലൂടെ വിഷയമുന്നയിച്ചിട്ടും സർക്കാർ അന്വേഷണം നടത്തുന്നില്ലെന്നും തന്റെ പേരിലുള്ള കേസിലും നടപടിയില്ലെന്നും അദ്ദേഹം ആരോപിച്ചു. താൻ ഉന്നയിക്കുന്നത് വ്യക്തിപരമായ വിഷയമല്ലെന്നും സാമൂഹിക പ്രസക്തിയുള്ള വിഷയമാണെന്നും സനൽ കുമാർ പറഞ്ഞു.

Related Posts