കർണാടകത്തിൽ തുളുവിന് രണ്ടാമത്തെ അധിക ഔദ്യോഗിക ഭരണഭാഷാ പദവി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ തുളു ഭരണഭാഷയായി ഉപയോഗിക്കാനാണ് തീരുമാനം. മംഗളൂരുവിൽ വെള്ളിയാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

തുളുവിന് ഔദ്യോഗിക അംഗീകാരം നൽകണമെന്നത് തീരദേശ മേഖലയിലെ ദീർഘകാല ആവശ്യമായിരുന്നു. തുളുവിൻ്റെ വികസനത്തിനും പ്രചാരണത്തിനുമായി സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾക്ക് പുറമെ ചിക്കമഗളൂരു, ശിവമോഗ മേഖലകളിലും തുളു സംസാരിക്കുന്നവരുണ്ട്. കേരളത്തിലെ കാസർകോട്, മഞ്ചേശ്വരം മേഖലകളിലും തുളു പ്രചാരത്തിലുണ്ട്. ഇതിനൊപ്പം ദക്ഷിണ കന്നഡ ജില്ലയുടെ പേര് മംഗളൂരു ജില്ലയാക്കാനുള്ള നടപടികൾക്കും മന്ത്രിസഭ അനുമതി നൽകി. ഇതുസംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കി ഒരു മാസത്തേക്ക് പൊതുജനാഭിപ്രായം തേടിയ ശേഷമായിരിക്കും അന്തിമ തീരുമാനം.

തീരദേശ മേഖലയിലെ വിവിധ വികസന പദ്ധതികൾക്കായി ആകെ 32,611 കോടി രൂപയുടെ പദ്ധതികൾക്കും മന്ത്രിസഭ അംഗീകാരം നൽകി. ഇതിൽ ഏകദേശം 16,000 കോടി രൂപ ഗ്രാമീണ റോഡുകൾ, ഗ്രാമവികസനം, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയ്ക്കായാണ് മാറ്റിവച്ചിരിക്കുന്നത്.

പുത്തൂരിൽ സർക്കാർ മെഡിക്കൽ കോളേജും അധ്യാപക ആശുപത്രിയും സ്ഥാപിക്കാൻ 549.79 കോടി രൂപ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഫിഷറീസ്, മറൈൻ, ബ്ലൂ ഇക്കോണമി സർവകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടികളും പ്രഖ്യാപിച്ചു. മംഗളൂരുവിലെ പ്രജാ സൗധയിൽ ചേർന്നത് ശിവകുമാർ മുഖ്യമന്ത്രിയായ ശേഷമുള്ള ബെംഗളൂരുവിന് പുറത്തുള്ള ആദ്യ മന്ത്രിസഭാ യോഗമാണ്. തീരദേശ മേഖലയിലെ വികസന ആവശ്യങ്ങൾ നേരിട്ട് പരിഗണിക്കുന്നതിനായാണ് യോഗം മംഗളൂരുവിൽ സംഘടിപ്പിച്ചത്.

Related Posts