രാജ്യതലസ്ഥാനത്ത് 17 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തിയതായി പരാതി. മൃതദേഹം വിജനമായ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് കത്തികൾ, പ്രതികളുടെ വസ്ത്രങ്ങൾ, ടെമ്പോ എന്നിവയും പൊലീസ് പിടിച്ചെടുത്തു.

സെപ്റ്റംബർ 13നാണ് സെൻട്രൽ ഡൽഹിയിലെ കുഷാക് റോഡിന് സമീപത്തെ വിജനമായ പറമ്പിൽ നിന്ന് പെൺകുട്ടിയുടെ അഴുകിയ മൃതദേഹം പൊലീസ് കണ്ടെത്തിയത്. മൃതദേഹത്തിൻ്റെ ചില ഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലായിരുന്നു. ഒരു കൈ ശരീരത്തിൽനിന്ന് വേർപ്പെട്ട നിലയിലും കണ്ടെത്തി. മൃതദേഹം അഴുകിയിരുന്നതിനാൽ ആദ്യഘട്ടത്തിൽ മരിച്ചത് പെൺകുട്ടിയാണെന്ന് പോലും തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

പെൺകുട്ടിക്കും പ്രതികൾക്കും നേരത്തെ പരിചയമുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. സംഭവദിവസം പെൺകുട്ടി പ്രതികൾക്കൊപ്പം ടെമ്പോയിൽ യാത്ര ചെയ്തിരുന്നു. യാത്രയ്ക്കിടെ സംഘം മദ്യം കഴിച്ചതായും പൊലീസ് പറയുന്നു. തുടർന്ന് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കുത്തിക്കൊലപ്പെടുത്തി മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

പെൺകുട്ടി ഇടയ്ക്കിടെ വീട്ടിൽനിന്ന് പോകുകയും ഏതാനും ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തുകയും ചെയ്യുന്ന പതിവുണ്ടായിരുന്നതിനാൽ കുടുംബം കുട്ടിയെ കാണാതായ വിവരം ഉടൻ പൊലീസിൽ അറിയിച്ചിരുന്നില്ല. ദൃക്സാക്ഷികളില്ലാതിരുന്നതും പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാതിരുന്നതും അന്വേഷണത്തിന് വെല്ലുവിളിയായി. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. സംഭവസമയത്ത് സ്ഥലത്തിന് സമീപത്തുകൂടി ഒരു ടെമ്പോ കടന്നുപോകുന്നതായി ദൃശ്യങ്ങളിൽ കണ്ടെത്തി. എന്നാൽ ഇരുട്ടായിരുന്നതിനാൽ വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പർ വ്യക്തമായിരുന്നില്ല.

തുടർന്ന് വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് ടെമ്പോയുടെ സഞ്ചാരപാത പിന്തുടർന്നു. അന്വേഷണത്തിനൊടുവിൽ സംശയാസ്പദമായ സാഹചര്യത്തിൽ ടെമ്പോ കണ്ടെത്തുകയും ഡ്രൈവറെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

Related Posts