ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക ട്രെയിനുകളിൽ ഇതുവരെ ഒരു കോടിയിലധികം പേർ യാത്ര ചെയ്തതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 12,011 പ്രത്യേക ട്രെയിനുകളാണ് ഈ ഉത്സവ സീസണിൽ മാത്രം സർവ്വീസ് നടത്തുന്നത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 7724 പ്രത്യേക ട്രെയിനുകളാണ് സർവീസ് നടത്തിയിരുന്നത്. ക്രമീകരണങ്ങൾ വിലയിരുത്താൻ ഇന്നലെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
റെയിൽവേ ബോർഡ് വാർ റൂമിന് പുറമെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ, ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലും മന്ത്രി നേരിട്ട് എത്തി ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. യാത്രക്കാർ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ 12 ലക്ഷം റെയിൽവേ ജീവനക്കാർ രാപ്പകൽ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.