അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡിലായ ആന്റോയെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റും. അതേസമയം, ആന്റോ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും.

വയനാട് വാഴവറ്റയിലെ ആന്റോയുടെ വീട്ടിൽനിന്ന് അനധികൃത മദ്യശേഖരം പിടികൂടിയ കേസിലാണ് അറസ്റ്റ്. പിടിച്ചെടുത്ത മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമുണ്ടെന്നാണ് എക്സൈസ് അറിയിച്ചത്. എക്സൈസ് എസി ബൈജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെ ഓഫീസിലെത്തി ആന്റോയെ അറസ്റ്റ് ചെയ്തത്. ഇന്ന് അറസ്റ്റിലായ ആന്റോയെ രാത്രി ഏഴരയോടെയാണ് കോടതിയിൽ ഹാജരാക്കിയത്.

മദ്യം പിടികൂടിയ വീട് ആന്റോയുടെ പേരിലുള്ളതാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 2025ലെ നികുതി അടച്ചതിൻ്റെ രേഖകൾ ഹാജരാക്കിയതായും പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ പ്രതിഭാഗം ഹാജരാക്കിയ രേഖകൾ 2025ന് മുമ്പുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ, പിടിച്ചെടുത്തത് വ്യാജമദ്യമാണെന്നതടക്കമുള്ള കാര്യങ്ങളും കോടതിയെ അറിയിച്ചു.

Related Posts