പ്രശസ്ത നാടകപ്രവര്ത്തകനുംരു കാഥികനുമായ അയിലം ഉണ്ണികൃഷ്ണന് (72) അന്തരിച്ചു. തിവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. അയിലം ഉണ്ണികൃഷ്ണൻ കഥാപ്രസംഗരംഗത്ത് 50 വർഷം പിന്നിട്ട കലാകാരനാണ്. ‘കുത്തബ് മിനാർ’ എന്ന കഥാപ്രസംഗമാണ് 1973-ൽ അദ്ദേഹം ആദ്യം അവതരിപ്പിച്ചത്. 42 കഥകൾ ആദ്യവർഷം തന്നെ അവതരിപ്പിച്ചു. പിന്നീടങ്ങോട്ട് വിവിധ വേദികളിൽ അയിലം ഉണ്ണികൃഷ്ണൻ എന്ന കാഥികൻ ഒട്ടേറെ കഥകൾ പറഞ്ഞു.
ശരത്കാല രാത്രി, രക്തപുഷ്പം, മൗനരാഗപ്പക്ഷി, കൽക്കത്ത, നാരായണ ഗുരുദേവൻ , ഞാൻ ഭാരതീയൻ എന്നിവയാണ് അയിലം ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച പ്രധാന കഥകൾ. അയിലം ഉണ്ണികൃഷ്ണൻ ‘ശരത്കാല രാത്രി’യാണ് ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിച്ച കഥ. ‘മൗനരാഗപ്പക്ഷി’ എന്ന കഥ ഒരു വർഷം മാത്രം 342 വേദികളിൽ അവതരിപ്പിച്ചു. പിന്നീട് ഈ കഥയാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന പേരിൽ സിനിമയായത്.
കഥാപ്രസംഗവേദികളെ നാടകം കൈയേറിത്തുടങ്ങിയതോടെ ഉപജീവനം വഴിമുട്ടാതിരിക്കാൻ അയിലം ഉണ്ണികൃഷ്ണൻ നാടകസമിതിയുണ്ടാക്കി. ആദ്യം നിർമിച്ച നാടകം ‘ഒരു കൊയ്ത്തുപാട്ടിൻ്റെ സംഗീതം’ ആണ് . പൂന്താനം, മഹാകവി കുമാരനാശാൻ, അനീസ്യ, കർണൻ, ഭഗത് സിങ്, ജയദേവർ, ചാണക്യൻ, അന്നാകരേനിന തുടങ്ങിയവയാണ് പ്രധാന നാടകങ്ങൾ. പറവൂർ സുകുമാരൻ പുരസ്കാരം, കേരള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം, കെടാമംഗലം പുരസ്കാരം, ഇടക്കൊച്ചി പുരസ്കാരം, സാംബശിവൻ പുരസ്കാരം, തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.