തമിഴ്‌നാട് കള്ളക്കുറിച്ചി ജില്ലയിൽ അധ്യാപകൻ്റെ ലൈംഗികാതിക്രമത്തിന് ഇരയായെന്ന ആരോപണത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. സംഭവത്തിൽ അധ്യാപകനായ ജഗദീശനെ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ടും അധ്യാപകനെതിരായ ആരോപണങ്ങളിലും വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

സ്കൂളിൽവെച്ച് അധ്യാപകൻ മോശമായി സ്പർശിച്ചെന്ന് വിദ്യാർഥിനി നേരത്തെ പരാതി നൽകിയിരുന്നതായി പൊലീസ് വ്യക്തമാക്കി. മരണത്തിന് മുമ്പ് വിദ്യാർഥിനി എഴുതിവെച്ച കുറിപ്പിലും അധ്യാപകൻ്റെ പേര് പരാമർശിക്കുന്നുണ്ട്. താൻ നേരിട്ട പീഡനത്തെക്കുറിച്ചും കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മറ്റ് കുട്ടികൾക്കും സമാനമായ അനുഭവം ഉണ്ടാകാതിരിക്കാൻ അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിദ്യാർഥിനി കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്‌നാട്ടിൽ കൊലപാതകങ്ങൾ, കസ്റ്റഡി മരണങ്ങൾ, ദുരഭിമാനക്കൊലകൾ തുടങ്ങിയ സംഭവങ്ങൾ വർധിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചുവരുന്നതിനിടെയാണ് വിദ്യാർഥിനിയുടെ ആത്മഹത്യ.

Related Posts