ബെംഗളൂരുവിലെ ഗതാഗത അടിസ്ഥാനസൗകര്യ വികസനത്തിൻ്റെ ഭാഗമായി പെരിഫറൽ റിംഗ് റോഡ് രണ്ടാംഘട്ടമായ PRR-2 പദ്ധതിക്കായി 1,427 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (BDA). ഇതോടെ 1,126 ഭൂവുടമകളുടെ സ്വത്തുക്കൾ ഏറ്റെടുക്കേണ്ടിവരും.

നൈസ് റോഡിന് സമാന്തരമായി നിർമ്മിക്കുന്ന 52 കിലോമീറ്റർ നീളമുള്ള 10-വരി PRR-2, ഹൊസൂർ, മൈസൂരു, തുമകൂരു റോഡുകളെ തമ്മിൽ ബന്ധിപ്പിക്കും. ബിഡദിയിൽ നിർദേശിച്ചിരിക്കുന്ന പുതിയ ടൗൺഷിപ്പിലേക്കുള്ള ഗതാഗത ബന്ധവും പദ്ധതിയിലൂടെ മെച്ചപ്പെടും.

ബെംഗളൂരു സൗത്ത് (മുൻ രാമനഗരം) മേഖലയിലെ വികസനത്തിന് സർക്കാർ കൂടുതൽ ഊന്നൽ നൽകുന്നതിനിടെയാണ് പദ്ധതി നടപടികൾ വേഗത്തിലാക്കുന്നത്. കഴിഞ്ഞ ആഴ്ച അത്തിബെലെ, ജിഗണി, ബേഗൂർ, ഉത്തരഹള്ളി, കെങ്കേരി, ദാസനപുര ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ 30 ഗ്രാമങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിരുന്നു.

ഭൂവുടമകൾ നിയമനടപടികളിലേക്ക് നീങ്ങിയതോടെ കർണാടക ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച പ്രാഥമിക ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങളിൽ ചിലത് റദ്ദാക്കിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ പുതിയ ഏറ്റെടുക്കൽ നടപടികൾക്ക് പ്രാധാന്യമേറുകയാണ്.

ഭൂമി ഏറ്റെടുക്കലിനെതിരെ ഉടമകൾ വീണ്ടും രംഗത്തെത്താൻ സാധ്യതയുണ്ടെന്ന് കർണാടക പ്രാന്ത കർഷക സംഘത്തിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി ടി. യശ്വന്ത പറഞ്ഞു. ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പാണ് പദ്ധതിക്കായുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും, ഇത്രയും കാലം പദ്ധതി വൈകിയ സാഹചര്യത്തിൽ പുതിയ ഏറ്റെടുക്കൽ നടപടികൾക്കെതിരെ ഭൂവുടമകൾ നിയമപരമായും മറ്റും പ്രതിഷേധിക്കാനിടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Posts