അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥിയായിരുന്ന നിധിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോ.എൻ.കെ.റാമിന് ജാമ്യം. 48 ദിവസമായി റിമാൻഡിൽ കഴിയുകയായിരുന്ന റാമിന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് പരിസരത്ത് പ്രവേശിക്കരുതെന്ന് കോടതി നിർദേശിച്ചു.

ഏപ്രിൽ 10നാണ് കോളേജ് കെട്ടിടത്തിൽനിന്ന് ചാടി നിധിൻ രാജ് ജീവനൊടുക്കിയത്. സംഭവത്തിൽ ആത്മഹത്യാപ്രേരണക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളും എസ്‌സി-എസ്‌ടി നിയമത്തിലെ വകുപ്പുകളും ചുമത്തി അധ്യാപകർക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തിരുന്നു.

നിധിൻ രാജ് നിരന്തരമായ അധിക്ഷേപത്തിനും മാനസിക പീഡനത്തിനും ഇരയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മാർച്ച് 13 മുതൽ ഡോ. എൻ.കെ. റാമും കേസിലെ രണ്ടാം പ്രതിയായ ഓറൽ പാത്തോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.ടി. സംഗീത നമ്പ്യാരും വിവിധ രീതികളിൽ നിധിൻ രാജിനെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് കേസ്.

മരണത്തിന് മുമ്പുള്ള ദിവസം ഉച്ചയ്ക്ക് 12.30 മുതൽ 2 മണിവരെ ഡോ. റാം സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിൻ്റെ മുറിയിലും എത്തിയതും അന്വേഷണത്തിൽ ശ്രദ്ധേയമായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ, കൂടാതെ സഹോദരിക്ക് നിധിൻ രാജ് അയച്ച ഓഡിയോ സന്ദേശങ്ങളും വാട്സ്ആപ്പ് സന്ദേശങ്ങളും അന്വേഷണ സംഘം തെളിവായി ശേഖരിച്ചിരുന്നു.

Related Posts