ഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ. ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിനിൻ്റെ പരീക്ഷണയോട്ടം 2027 മേയ് മുതൽ ജൂൺ വരെ നടക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
രണ്ട് മുതൽ നാല് മാസം വരെ നീളുന്ന പരീക്ഷണയോട്ടത്തിന് ശേഷമായിരിക്കും ബുള്ളറ്റ് ട്രെയിൻ സർവീസിന്റെ ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബുള്ളറ്റ് ട്രെയിനിൻ്റെ ആദ്യ ബോഡി ഫ്രെയിം അടുത്തിടെ പൂർത്തിയാക്കിയതായും ഇത് സ്ക്വീസ് ടെസ്റ്റിനായി അയച്ചതായും അശ്വിനി വൈഷ്ണവ് പറഞ്ഞു. ‘ആത്മനിർഭർ ഭാരത്’ എന്ന ആശയത്തിന് അനുസൃതമായാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. സൂറത്ത്-വാപ്പി പാതയുടെ നിർമാണം ഈ വർഷം ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പൂർണമായി യാഥാർഥ്യമാകുന്നതോടെ വഡോദരയിൽ നിന്ന് ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് ഏകദേശം ഒന്നര മണിക്കൂറിനുള്ളിൽ മുംബൈയിലെത്താനാകും.
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴി രാജ്യത്തെ അതിവേഗ റെയിൽ ഗതാഗത രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.