ആശ വർക്കർമാരുടെ ഓണറേറിയം കേന്ദ്ര സർക്കാർ വർധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സർക്കാരും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആർജെഡി യോഗത്തിൽ ആശ വർക്കർമാരുടെ സമരം തീർക്കണമെന്ന് ആവശ്യപ്പെട്ടു. ആശ വർക്കർമാരുടെ സമരം തീർക്കാൻ ഇടപെടൽ വേണമെന്ന് സിപിഐയും നിലപാടെടുത്തു. മുഖ്യമന്ത്രിയുടെ മറുപടി ഈ സാഹചര്യത്തിലായിരുന്നു.
സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ നടപടി ഇല്ലാത്തതിൽ ഇടതുമുന്നണി ഘടകക്ഷികൾ ശക്തമായ എതിർപ്പാണ് എൽഡിഎഫ് യോഗത്തിൽ ഉന്നയിച്ചത്. സർക്കാർ ചർച്ചയിലൂടെ ആശാ സമരം പരിഹരിക്കണമെന്ന് എൽഡിഎഫ് യോഗത്തിൽ ആർജെഡി ആവശ്യപ്പെട്ടു. സിപിഐ നേതാക്കളും ഇക്കാര്യത്തിൽ ആർജെഡിയെ പിന്തുണച്ചു. ആശമാരുടെ സമരം തീർക്കുന്നതിൽ സർക്കാരിന് പിടിവാശിയില്ലെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി മറുപടി നൽകി.