നഗരത്തിലെ ചുരുങ്ങിവരുന്ന ഹരിത-ജല ഇടങ്ങൾ സംരക്ഷിക്കണമെന്ന സന്ദേശവുമായി നടത്താനിരുന്ന ബോധവത്കരണ നടത്തം പൊലീസ് ഇടപെട്ട് തടഞ്ഞതായി പരാതി. ‘Protect Our Lakes and Green Spaces’ എന്ന പേരിൽ ഒരു പൗരസംഘടനയാണ് നടത്തം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.
ഡയറി സയൻസ് കോളേജിൽ നിന്ന് ഭൂപ്സാ ന്ദ്ര മെയിൻ റോഡ് വഴി ഹെബ്ബാൾ തടാകത്തിലേക്കായിരുന്നു നടത്തം. എന്നാൽ ഇത് പ്രതിഷേധ റാലിയായി കണക്കാക്കി പൊലീസ് സംഘാടകർക്ക് നോട്ടീസ് നൽകിയെന്നാണ് റിപ്പോർട്ട്. ഹൈക്കോടതി നിർദേശപ്രകാരം പ്രതിഷേധ പരിപാടികൾ ഫ്രീഡം പാർക്കിൽ മാത്രമേ നടത്താവൂ എന്നും മറ്റ് സ്ഥലങ്ങളിൽ പ്രതിഷേധം നടത്തിയാൽ നടപടിയുണ്ടാകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്.
നോട്ടീസ് ലഭിച്ചതിനെ തുടർന്ന് സംഘാടകർ നടത്തം റദ്ദാക്കി. എന്നാൽ ഞായറാഴ്ച രാവിലെ ചിലർ നിശ്ചയിച്ച സ്ഥലത്ത് എത്തിയിരുന്നു. വെറ്ററിനറി സയൻസസ് ക്യാമ്പസിലേക്കുള്ള പ്രവേശന കവാടങ്ങൾ അടച്ച നിലയിലായിരുന്നെന്നും പ്രദേശത്ത് 10–12 പൊലീസുകാരെ വിന്യസിച്ചിരുന്നതായും സംഘാടകർ ആരോപിച്ചു.
പരിപാടി പ്രതിഷേധമല്ലെന്നും നഗരത്തിലെ പച്ചപ്പും തടാകങ്ങളും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുള്ള ചെറിയ നടത്തം മാത്രമായിരുന്നെന്നും സംഘാടകർ വ്യക്തമാക്കി. എന്നാൽ പൊലീസ് ഇതിനെ ഹെബ്ബാൾ–കെവിഎഎഎഫ്എസ്യു മേഖലയിലെ നിർദിഷ്ട ഷോർട്ട് ടണൽ പദ്ധതിക്കെതിരായ പ്രതിഷേധമായി കണക്കാക്കിയെന്നാണ് ആരോപണം. പിന്നീട് ചിലർ വെറ്ററിനറി സയൻസസ് ക്യാമ്പസിൽ നിന്ന് ഹെബ്ബാൾ തടാകത്തിലേക്ക് നടന്ന് പോകുകയും ചെയ്തു.
ഹെബ്ബാൾ തടാകത്തിൻ്റെ ഒരു ഭാഗം നിർദിഷ്ട ടണൽ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുമെന്ന ആശങ്കയാണ് വിഷയത്തിന് പിന്നിൽ. നഗരത്തിലെ ഹരിത ഇടങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം അടുത്തിടെ ശക്തമായിരുന്നു. ലാൽബാഗിൽ ടണൽ റോഡിനും പാർക്ക് ഭൂമി അടിസ്ഥാനസൗകര്യ പദ്ധതികൾക്കായി ഉപയോഗിക്കാൻ അനുവദിക്കുന്ന നിയമഭേദഗതിക്കുമെതിരെ ആയിരക്കണക്കിന് പേർ പങ്കെടുത്ത പ്രതിഷേധവും നടന്നിരുന്നു.