ബെംഗളൂരു: യാത്രക്കാരുടെ എണ്ണം തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ നമ്മ മെട്രോയുടെ സർവീസ് ശേഷി വർധിപ്പിക്കുന്നതിനൊപ്പം പഴയ ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കും വഴിയൊരുങ്ങുന്നു. പുതിയ ട്രെയിൻ സെറ്റുകൾ സർവീസിൽ എത്തുന്നതോടെ 15 വർഷത്തോളം പഴക്കമുള്ള ട്രെയിനുകൾ ഘട്ടംഘട്ടമായി മിഡ്-ലൈഫ് ഓവർഹോളിന് വിധേയമാക്കാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (BMRCL) നീക്കം.

നിലവിൽ പർപ്പിൾ, ഗ്രീൻ ലൈനുകളിലായി 57 ആറ് കോച്ച് ട്രെയിൻ സെറ്റുകളാണ് സർവീസ് നടത്തുന്നത്. ഓരോ ട്രെയിനും പ്രതിദിനം ശരാശരി 450 മുതൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കുന്നുണ്ട്. എട്ട് ട്രെയിൻ സെറ്റുകൾ ഇതിനകം ഏകദേശം 10 ലക്ഷം കിലോമീറ്റർ പിന്നിട്ടിട്ടുണ്ട്.

പുതിയ CRRC-Titagarh ആറ് കോച്ച് ട്രെയിനുകൾ ഗ്രീൻ ലൈനിൽ ഉൾപ്പെടുത്തുന്നതിനാണ് പദ്ധതി. ഇതിൽ ആദ്യ ട്രെയിൻ സെറ്റുകൾ യാത്രക്കാരുമായി സർവീസ് നടത്താൻ കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റിയുടെ (CMRS) അനുമതിയും ലഭിച്ചിട്ടുണ്ട്. ആകെ 21 പുതിയ ട്രെയിൻ സെറ്റുകൾ 2027ലെ രണ്ടാം പാദത്തോടെ ഗ്രീൻ ലൈനിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

പുതിയ ട്രെയിനുകൾ എത്തുന്നതോടെ ഗ്രീൻ ലൈനിലെ നിലവിലെ BEML ട്രെയിനുകളിൽ ചിലത് തിരക്കേറിയ പർപ്പിൾ ലൈനിലേക്ക് മാറ്റും. ഇതിലൂടെ പർപ്പിൾ ലൈനിലെ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനും തിരക്ക് കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, 2011 മുതൽ സർവീസ് നടത്തുന്ന പഴയ ട്രെയിനുകൾ ഓരോന്നായി സർവീസിൽ നിന്ന് പിൻവലിച്ച് ഏകദേശം 15 ദിവസത്തെ സമഗ്ര പരിശോധനയും അറ്റകുറ്റപ്പണിയും നടത്തും. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുന്നതിലൂടെ ട്രെയിനുകളുടെ വിശ്വാസ്യതയും യാത്രക്കാരുടെ സുരക്ഷയും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. നിലവിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം ഏകദേശം 10 ലക്ഷത്തിലെത്തിയ സാഹചര്യത്തിൽ, പുതിയ ട്രെയിനുകളും പഴയ ട്രെയിനുകളുടെ നവീകരണവും നഗരത്തിലെ മെട്രോ ഗതാഗതത്തിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

Related Posts