കർണാടകയിലെ ധാർവാഡ് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ കോച്ചിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. സീറ്റിനടിയിൽ അർധനഗ്നമായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ടതാണോ എന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം. ഇന്ന് രാവിലെ ധാർവാഡ് സ്റ്റേഷനിലെത്തിയ ട്രെയിനിൽ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് റെയിൽവേ ജീവനക്കാർ മൃതദേഹം കണ്ടത്. ഉടൻ തന്നെ വിവരം റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.

രാത്രിയാത്രയ്ക്കിടെ യുവതിയെ ആക്രമിച്ച ശേഷം കൊലപ്പെടുത്തിയതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. അതേസമയം, മറ്റേതെങ്കിലും സ്ഥലത്ത് വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രെയിൻ കോച്ചിൽ ഉപേക്ഷിച്ചതാകാമെന്ന സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കോലാപൂരിൽ നിന്ന് എത്തിയ ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂവെന്ന് പൊലീസ് അറിയിച്ചു.

യുവതിയെ തിരിച്ചറിയുന്നതിനായി സമീപ പ്രദേശങ്ങളിൽ നിന്നുള്ള കാണാതായവരുടെ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ ട്രെയിൻ പുറപ്പെട്ട സ്ഥലത്തുനിന്ന് ധാർവാഡ് റെയിൽവേ സ്റ്റേഷനിലെത്തുന്നതുവരെയുള്ള വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് പരിശോധിക്കും. സംഭവത്തിൽ റെയിൽവേ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Related Posts