കേരളത്തിലെ നഗരങ്ങളിൽ ആവർത്തിക്കുന്ന വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ആലപ്പുഴയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നദികളിലെ ജലസംഭരണ ശേഷി കുറഞ്ഞതാണ് പല നഗരങ്ങളിലും വെള്ളക്കെട്ടും വെള്ളപ്പൊക്കവും രൂക്ഷമാകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ ഇടവേളകളിൽ നദികളിൽനിന്ന് മണൽ നീക്കം ചെയ്യാത്തതും പ്രശ്നം വർധിപ്പിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ കണക്കുകൂട്ടലുകൾക്ക് അപ്പുറത്തുള്ള മഴയാണ് ഇപ്പോൾ ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“നദികളുടെ ആഴം കൂട്ടിയില്ലെങ്കിൽ മഴവെള്ളം എങ്ങോട്ടാണ് ഒഴുകിപ്പോകുക?” എന്ന ചോദ്യം ഉയർത്തിയ ഉപരാഷ്ട്രപതി, നദികളുടെ ആഴം വർധിപ്പിക്കുന്നതിനെ എതിർക്കുന്നവരോട് ഇക്കാര്യം ചോദിക്കണമെന്നും പറഞ്ഞു. നിയമപരമായ തടസ്സങ്ങളുണ്ടെങ്കിൽ കോടതികളെ യാഥാർഥ്യം ബോധ്യപ്പെടുത്തി പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും ഉറപ്പാക്കേണ്ടതുണ്ടെന്നും കേരളം പരിസ്ഥിതി സംരക്ഷണത്തിൻ്റെ പേരിൽ വികസനത്തെ പൂർണമായി തള്ളിക്കളയരുതെന്നും അദ്ദേഹം പറഞ്ഞു. “പരിസ്ഥിതി ഭ്രാന്തന്മാരാകാൻ പാടില്ല” എന്നും സി.പി. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
കേരളത്തിൻ്റെ ഏറ്റവും വലിയ സംഭാവനകളിൽ ആദിശങ്കരൻ, ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭൻ എന്നിവരുടെ പങ്ക് പ്രത്യേകം എടുത്തുപറഞ്ഞു. ആദിശങ്കരന്റെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ ഐക്യത്തിന് വലിയ സംഭാവന നൽകിയെന്നും ശ്രീനാരായണഗുരുവിൻ്റെ ഇടപെടലുകൾ സമൂഹത്തിൽ സമത്വം ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ മന്നത്ത് പത്മനാഭൻ പ്രവർത്തിച്ചെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.