നേപ്പാളിലെ മിന്നൽ പ്രളയത്തിൽപ്പെട്ട 320 ഇന്ത്യക്കാരെക്കുറിച്ച് ഇതുവരെ വിവരമില്ല. മാനസസരോവർ തീർത്ഥാടനത്തിനായി കോയമ്പത്തൂരിലെ ഇഷാ ഫൗണ്ടേഷനിൽ നിന്ന് പോയവർ ഉൾപ്പെടെ 100 ഇന്ത്യൻ വംശജരെയും കണ്ടെത്താനായിട്ടില്ല. ടിബറ്റൻ മേഖലയിൽ കുടുങ്ങിയ 200 പേരിൽ 96 പേർ നേപ്പാളിലെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ചൈനീസ് ഭാഗത്ത് കുടുങ്ങിയ 400-ലേറെ ഇന്ത്യക്കാർ സുരക്ഷിതരാണ്. ഇവരെ ഇന്ത്യയിലെത്തിക്കാൻ ബീജിംഗിലെ ഇന്ത്യൻ എംബസി ശ്രമം തുടരുകയാണ്.
ദുരന്തത്തിൽ 547 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ. ഏകദേശം 1,500 പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായ ഇന്ത്യക്കാരിൽ ത്രിശൂലി വൈദ്യുതി പദ്ധതിയുടെ സൈറ്റിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടുന്നു. ഇവർ തുരങ്കത്തിൽ കുടുങ്ങിയിരിക്കാമെന്നാണ് സംശയം. 63 ഇന്ത്യൻ തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നേപ്പാൾ കരസേന 350-ലേറെ പേരെ പുറത്തെത്തിച്ചെങ്കിലും നൂറോളം പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
അതേസമയം, തമിഴ്നാട്ടിൽ നിന്നുള്ള 21 മാനസസരോവർ തീർത്ഥാടകരെ ഇന്നലെ ഇന്ത്യയിൽ തിരിച്ചെത്തിച്ചു.
നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തർപ്രദേശിലെയും ബിഹാറിലെയും മേഖലകളിൽ ജാഗ്രത തുടരുകയാണ്. രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുടേത് ഉൾപ്പെടെയുള്ള വിവരങ്ങൾ നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക രക്ഷാപ്രവർത്തന പോർട്ടലിൽ //ndrrma.gov.np/np/rescue ലഭ്യമാണ്.