ഓണക്കാലത്ത് സപ്ലൈകോയിൽ റെക്കോർഡ് വിൽപ്പന. 35 ദിവസത്തിനിടെ 433.81 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ നേടിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 48 കോടിയോളം രൂപയുടെ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.

ഓണം ഫെയറുകളിലും സപ്ലൈകോ വിൽപ്പനശാലകളിലും വലിയ തിരക്ക് അനുഭവപ്പെട്ടതോടെയാണ് വിൽപ്പനയിൽ വൻ വർധനയുണ്ടായത്. ഈ 35 ദിവസത്തിനിടെ 53.86 ലക്ഷം പേരാണ് സപ്ലൈകോയിൽ നിന്ന് സാധനങ്ങൾ വാങ്ങിയത്. ഏറ്റവും ഉയർന്ന പ്രതിദിന വിറ്റുവരവ് ഉത്രാട ദിനത്തിലായിരുന്നു – 27.85 കോടി രൂപ. ആകെ വിറ്റുവരവിൽ 155.39 കോടി രൂപ സബ്സിഡി ഇനത്തിലും 278.42 കോടി രൂപ സബ്സിഡിയേതര ഇനത്തിലുമാണ്.

കഴിഞ്ഞ വർഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ നാല് വരെയുള്ള 35 ദിവസങ്ങളിൽ 385 കോടി രൂപയായിരുന്നു സപ്ലൈകോയുടെ വിറ്റുവരവ്. ഇത്തവണ ഇത് 433.81 കോടി രൂപയായി ഉയർന്നു.
ഇത്തവണ സബ്സിഡി വെളിച്ചെണ്ണ കഴിഞ്ഞ വർഷത്തേക്കാൾ 35 ശതമാനം വിലക്കുറവിലാണ് സപ്ലൈകോ വഴി വിതരണം ചെയ്തത്.

Related Posts