ആലപ്പുഴ മണ്ണാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. തട്ടാരമ്പലം–മണ്ണാർ സംസ്ഥാന പാതയിൽ തിങ്കളാഴ്ച രാത്രി 10.45ഓടെയായിരുന്നു സംഭവം. മാവേലിക്കര ചെറ്റികുളങ്ങര സ്വദേശിയും കുടുംബവും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. മണ്ണാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

യാത്രയ്ക്കിടെ കാറിനുള്ളിൽ നിന്ന് ചെറിയ തീപ്പൊരിയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബം വാഹനം നിർത്തി ഉടൻ പുറത്തിറങ്ങി. ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ കാറിൽ തീ ആളിപ്പടരുകയായിരുന്നു.

വിവരമറിഞ്ഞ് മാവേലിക്കരയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീ പൂർണമായും അണച്ചത്. എന്നാൽ തീപിടിത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചു. മണ്ണാർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

Related Posts