തിരുവനന്തപുരം കല്ലറ പരപ്പിൽ പ്രിയദർശിനി ബസുകൾക്ക് നേരെ അജ്ഞാത സംഘം കല്ലെറിഞ്ഞു. ബൈക്കിലെത്തിയ സംഘമാണ് ബസുകൾക്ക് നേരെ കല്ലെറിഞ്ഞതെന്നാണ് വിവരം. ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു സംഭവം.
വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിലെ ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. കല്ലറയിൽ പാർക്ക് ചെയ്തിരുന്ന ബസിൻ്റെ മുൻവശത്തെ ഗ്ലാസ് കല്ലേറിൽ തകർന്നു. ബസ് ഓടിക്കൊണ്ടിരിക്കെയല്ല, പാർക്ക് ചെയ്തിരുന്ന സമയത്താണ് ആക്രമണം നടന്നത്.
സംഭവത്തിൽ ബസ് ജീവനക്കാർ പാങ്ങോട് പൊലീസിൽ പരാതി നൽകി. ആക്രമണത്തിന് പിന്നിൽ ആരാണെന്നും സംഭവത്തിന് പിന്നിലെ കാരണം എന്താണെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
സംഭവത്തിൽ ബസിനുണ്ടായ നാശനഷ്ടം സംബന്ധിച്ച വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ജീവനക്കാരെയും യാത്രക്കാരെയും ലക്ഷ്യമിട്ടുള്ള ആക്രമണമാണോയെന്നും അന്വേഷണത്തിൻ്റെ ഭാഗമായി പരിശോധിക്കും.