അമരാവതി ജില്ലാ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് നവജാതശിശുക്കൾ പൊള്ളലേറ്റും പുക ശ്വസിച്ചും മരിച്ചു. ഇന്ന് പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്.
ആശുപത്രിയുടെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് വാർഡിൽ 39 നവജാതശിശുക്കളുണ്ടായിരുന്നു.
തീയും കനത്ത പുകയും പടർന്നതോടെ ഡോക്ടർമാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും ചേർന്ന് കുഞ്ഞുങ്ങളെ അടിയന്തരമായി വാർഡിൽ നിന്ന് പുറത്തേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിനിടെ മൂന്ന് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും പുക ശ്വസിക്കുകയും ചെയ്തതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലുള്ള മറ്റ് ആറ് നവജാതശിശുക്കളെ സമീപത്തെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സയിൽ തുടരുകയാണ്.
തീപിടിത്തത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.