വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ കാണാൻ അമ്മ ഷെമി ആഗ്രഹം പ്രകടിപ്പിച്ചതായി ബന്ധുക്കൾ. പ്രതി അഫാൻ്റെ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷെമിയെ ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. അന്വേഷണസംഘം പരിശോധനയുടെ ഭാഗമായി വീട് പൂട്ടിയിട്ടിരിക്കുന്നതിനാൽ ഷെമിയെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനിടെയാണ് പോലീസ് കസ്റ്റഡിയിലുള്ള അഫാനെ കാണാൻ മാതാവ് ഷെമി ആഗ്രഹം പ്രകടിപ്പിച്ചത്.

ഷെമിയുടെ ആരോഗ്യനില ഇനിയും മെച്ചപ്പെട്ടിട്ടില്ല. പരിശോധനകൾ തുടരുകയാണ്. കഴിഞ്ഞ ദിവസം ഷെമി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഡോക്ടർ എത്തി പരിശോധിച്ചിരുന്നു. വെഞ്ഞാറമൂട് അഗതി മന്ദിരത്തിലാണ് ഷെമി ഇപ്പോൾ ഉള്ളത്. സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമായി വലിയ തോതിലുള്ള പണം അഫാൻ്റെ കുടുംബം കടം വാങ്ങിയിരുന്നതായി പോലീസിന് അന്വേഷണത്തിൽ നിന്ന് വ്യക്തമായി.

ഇതിൻ്റെ വിവരങ്ങൾ പോലീസിന് ലഭിച്ചു. കടം വാങ്ങിയ പണത്തിന് വലിയ തോതിലുള്ള പലിശ അഫാൻ്റെ കുടുംബത്തിൽ നിന്ന് ഈടാക്കിയെന്ന് കണ്ടെത്തിയതോടെ സാമ്പത്തികക്കുറ്റം ഉൾപ്പെടുത്തി പുതിയ കേസ് രജിസ്റ്റർ ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്.

Related Posts