വാഹനങ്ങളിൽ ചട്ടവിരുദ്ധമായി നടത്തുന്ന മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഓരോ ലംഘനത്തിനും പ്രത്യേകം 5000 രൂപ വീതം പിഴ ഈടാക്കണമെന്നും കോടതി വ്യക്തമാക്കി.
പ്രളയ രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിന് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയ സംഭവത്തിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. വാഹനത്തിൽ അനുവദനീയമല്ലാത്ത ആറ് അധിക ലൈറ്റുകൾ ഘടിപ്പിച്ചതിന് 5000 രൂപയും പിയുസി ലംഘനത്തിന് 2000 രൂപയുമാണ് ഈടാക്കിയിരുന്നത്.
അനധികൃതമായി ഘടിപ്പിച്ച ആറ് ലൈറ്റുകൾക്ക് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയത് അപര്യാപ്തമാണെന്ന് കോടതി വ്യക്തമാക്കി. അമിത വെളിച്ചമുള്ള എൽഇഡി ലൈറ്റുകളും കളർ ലൈറ്റുകളും കാൽനടയാത്രക്കാരുടെയും എതിർദിശയിൽ വരുന്ന വാഹനങ്ങളുടെയും കാഴ്ച മറച്ച് അപകടങ്ങൾക്ക് കാരണമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
വീതിയേറിയ ടയറുകൾ, അമിത ശബ്ദവും തീയും പുറന്തള്ളുന്ന സൈലൻസറുകൾ തുടങ്ങിയ അപകടസാധ്യത സൃഷ്ടിക്കുന്ന മോഡിഫിക്കേഷനുകൾക്കെതിരെയും നടപടി ശക്തമാക്കണം. പൊലീസ്-മോട്ടോർ വാഹന വകുപ്പ് സംയുക്തമായി പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു.
മോഡിഫിക്കേഷനുകൾക്കെതിരെ സ്വീകരിച്ച നടപടികളുടെ പുരോഗതി അടുത്ത മാസം ഏഴിന് കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്.