തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വിജയ് നിയമസഭയെ സിനിമാ സെറ്റ് പോലെയാണ് കാണുന്നതെന്നും പഞ്ച് ഡയലോഗുകൾ പറയുന്നതിലാണ് കൂടുതൽ ശ്രദ്ധയെന്നും സ്റ്റാലിൻ ആരോപിച്ചു. ഡിഎംകെ എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു വിമർശനം.
ഡിഎംകെ ഭരണകാലത്ത് നടപ്പാക്കിയ പദ്ധതികളുടെ പേരുകൾ വിജയ് തിടുക്കത്തിൽ മാറ്റുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതാണ് ഡിഎംകെയുടെ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഒരു തെരഞ്ഞെടുപ്പിൽ മാത്രമാണ് പരാജയപ്പെട്ടതെന്നും അതിൻ്റെ പേരിൽ സ്ഥിരമായി പരാജയപ്പെട്ടുവെന്ന് കരുതേണ്ടതില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. പാർട്ടിയുടെ പരാജയത്തിന് നേതാക്കളുടെ പ്രവർത്തനങ്ങളും കാരണമാകുന്നുണ്ട്. ഒരാൾ ചെയ്യുന്ന തെറ്റിൻ്റെ ഫലം അനുഭവിക്കേണ്ടിവരുന്നത് 75 വർഷത്തെ പാരമ്പര്യമുള്ള പാർട്ടിയാണെന്നും സ്റ്റാലിൻ പറഞ്ഞു.