ബുക്ക് ബ്രഹ്മയുടെ മൂന്നാമത് സാഹിത്യോത്സവത്തിന് ഇന്ന് ബെംഗളൂരുവിലെ കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമാകും. രാവിലെ 10ന് പ്രധാന വേദിയായ ‘മണ്ഡപ’യിൽ ഫെസ്റ്റിവൽ ഡയറക്ടർ സതീഷ് ചപ്പാരികെയുടെ സ്വാഗത പ്രസംഗത്തോടെയാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സാഹിത്യോത്സവത്തിന് തുടക്കമാകുന്നത്. ഓഗസ്റ്റ് 23ന് സാഹിത്യോത്സവം സമാപിക്കും.
പുസ്തക പ്രകാശനങ്ങൾ, കവിതാ പരിപാടികൾ, സാംസ്കാരിക അവതരണങ്ങൾ എന്നിവയും ഫെസ്റ്റിവലിൻ്റെ ഭാഗമായി അരങ്ങേറും. മലയാളം, കന്നഡ, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ നിന്നായി 400ലേറെ എഴുത്തുകാരും സാഹിത്യകാരന്മാരും പങ്കെടുക്കുന്ന ഫെസ്റ്റിവലിൽ 200ഓളം ക്യുറേറ്റഡ് സെഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വൈകിട്ട് 5.40ന് നടക്കുന്ന ബുക്ക് ബ്രഹ്മ നോവൽ മത്സര പുരസ്കാരച്ചടങ്ങിൽ എഴുത്തുകാരി കെ.ആർ. മീര മുഖ്യാതിഥിയാകും.
രാവിലെ 10.05 മുതൽ 10.50 വരെ ‘മണ്ഡപ’യിൽ ‘ഭാഷാ മേധാവിത്വം, ഇന്ത്യൻ ഭാഷകളും ഫെഡറൽ ഭാവനയും’ എന്ന വിഷയത്തിൽ ചർച്ച നടക്കും. എഴുത്തുകാരൻ എൻ.എസ്. മാധവനൊപ്പം ഒ.എൽ. നാഗഭൂഷണ സ്വാമി, എം.എസ്. ആശാദേവി എന്നിവരും പങ്കെടുക്കും. ദിവ്യ കലാവാലയാണ് മോഡറേറ്റർ.
മലയാളം വിഭാഗത്തിലും ശ്രദ്ധേയമായ സെഷനുകളാണ് ഇന്ന് നടക്കുന്നത്. രാവിലെ 11 മുതൽ 11.50 വരെ മഥന വേദിയിൽ ‘നോവലിലെ അനുഭവലോകം’ എന്ന വിഷയത്തിൽ ബെന്യാമിൻ, പി.വി. ഷാജികുമാർ, ഇ. സന്തോഷ് കുമാർ, എന്നിവർ പങ്കെടുക്കും. ഡെന്നീസ് പോളാണ് മോഡറേറ്റർ.
ഉച്ചയ്ക്ക് 2 മുതൽ 2.50 വരെ മഥന വേദിയിൽ ‘എഴുത്തും വായനയും’ എന്ന ചർച്ച നടക്കും. സോണിയ ചെറിയാൻ, ബിന്ദു സജീവ്, രമ പിഷാരടി, സതീഷ് തോട്ടശ്ശേരി എന്നിവർ പങ്കെടുക്കുന്ന സെഷനിൽ മുഹമ്മദ് കുനിങ്ങാട് മോഡറേറ്ററാകും.
വൈകിട്ട് 4 മുതൽ 4.50 വരെ അക്ഷര വേദിയിൽ ‘വിനിമയം വിവർത്തനത്തിലൂടെ’ എന്ന വിഷയത്തിൽ കെ. മോഹൻ കുണ്ഠാർ, സുധാകരൻ രാമന്തളി, വിഷ്ണുമംഗലം കുമാർ എന്നിവർ പങ്കെടുക്കും. മായ ബി. നായരാണ് മോഡറേറ്റർ.
സാഹിത്യചർച്ചകൾ, പുസ്തക പ്രകാശനങ്ങൾ, സാംസ്കാരിക പരിപാടികൾ തുടങ്ങി ഫെസ്റ്റിവലിലെ എല്ലാ പരിപാടികളിലേക്കും പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി (www book brahmalitiest.com) രജിസ്റ്റർ ചെയ്യാം.