സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. ഇതോടെ പേരുമാറ്റം നിയമമായി. പാർലമെന്റിൻ്റെ ഇരുസഭകളും പാസാക്കിയ ബില്ലാണ് രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിച്ചിരുന്നത്.

ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തിയാണ് സംസ്ഥാനത്തിൻ്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കിയത്. 2024 ജൂണിലാണ് സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രസർക്കാരിന് അയച്ചത്.

തുടർന്ന് രാഷ്ട്രപതിയുടെ നിർദേശപ്രകാരം സംസ്ഥാന നിയമസഭയുടെ അഭിപ്രായം വീണ്ടും തേടി. ഇതിൻ്റെ അടിസ്ഥാനത്തിൽ പേരുമാറ്റത്തെ പിന്തുണച്ച് നിയമസഭ വീണ്ടും പ്രമേയം അംഗീകരിച്ചു. പിന്നീട് കേന്ദ്രസർക്കാർ നടപടികൾ പൂർത്തിയാക്കി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയും ലോക്സഭയും രാജ്യസഭയും അംഗീകരിക്കുകയും ചെയ്തു.

രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചതോടെ സംസ്ഥാനത്തിൻ്റെ ഭരണഘടനാപരമായ ഔദ്യോഗിക പേര് ‘കേരളം’ എന്നായി മാറി.

Related Posts