കരുനാഗപ്പള്ളിയിൽ നിന്ന് ശനിയാഴ്ച കാണാതായ ഏഴാം ക്ലാസ് വിദ്യാർഥി ബിലാലിനെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിനിടെ കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പടനായർകുളങ്ങര തെക്ക് അറയ്ക്കൽ വീട്ടിൽ നൗഷാദ്–ഷെമീമ ദമ്പതികളുടെ മകനാണ് ബിലാൽ. ശനിയാഴ്ച ഫുട്ബോൾ കളിക്കാനായി വീട്ടിൽ നിന്ന് പുറത്തുപോയതായിരുന്നു. രാത്രി വൈകിയും കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചിരുന്നു.
ഇതിനിടെ കന്നേറ്റി കായലിലെ വള്ളംകളി പവിലിയന് സമീപത്തുനിന്ന് കുട്ടിയുടെ സൈക്കിളും ചെരിപ്പും കണ്ടെത്തിയിരുന്നു. തുടർന്ന് ഫയർഫോഴ്സും പൊലീസും ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തി. ഇതിനിടെയാണ് കൊതുമുക്ക് പാലത്തിനടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.