കെ.പി.സി.സി സംഘടിപ്പിച്ച ഗാന്ധിജി-ശ്രീനാരായണഗുരു സമാഗമ ശതാബ്ദി ആഘോഷ സെമിനാറിൽ പങ്കെടുത്ത സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരന് ആവേശകരമായ സ്വീകരണം. ‘മൊഴിയും വഴിയും ആശയസമര സംഗമം’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് സുധാകരൻ പങ്കെടുത്തത്.
നീതിമാനായ പൊതുമരാമത്ത് മന്ത്രിയായിരുന്നു ജി. സുധാകരൻ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിശേഷിപ്പിച്ചു. ഉപദേശം നൽകുന്ന ജേഷ്ഠ സഹോദരനെന്നാണ് ചടങ്ങിൽ പങ്കെടുത്ത സി.പി.ഐ നേതാവ് സി. ദിവാകരനെ സതീശൻ വിശേഷിപ്പിച്ചത്.
രാഷ്ടീയക്കാരനായാൽ സത്യം പറയാനാവില്ലെന്ന് ജി. സുധാകരൻ പറഞ്ഞു. എൻ്റെ പാർട്ടിയെക്കുറിച്ച് ഞാൻ ആക്ഷേപം പറയില്ല. ചരിത്രം വിസ്മരിക്കാനുള്ള പ്രവണത കേരളത്തിലും വർധിക്കുകയാണ്. സനാതന ധർമവുമായി ആർ.എസ്.എസിന് ബന്ധമില്ല. സനാതന ധർമമെന്നാൽ മാറ്റമില്ല ധർമമാണ്.
സനാതന ധർമം വേദകാലഘട്ടത്തിന് മുമ്പുണ്ടായതാണ്. ചാതുർവർണ്യം വേദ കാലഘട്ടത്തിൽ വന്നതുമാണ്. കമ്യൂണിസത്തിലെ ഏതെങ്കിലും പോരാട്ടം പരാജയപ്പെട്ടാൽ അത് നടത്തിയവർ തെറ്റുകാരാണെന്ന് പറയാനാവില്ല. വർഗ സമരങ്ങളിൽ എല്ലാത്തരം പോരാട്ടങ്ങളുമുണ്ടാവം.
കേരളജനത ഗുരുദേവനോട് നീതി പുലർത്തിയുണ്ടോ? ഗുരുവിൻ്റെ ആദർശങ്ങൾ അദ്ദേഹത്തിൻ്റെ അനുയായികൾ പോലും പ്രായോഗിക ജീവിതത്തിൽ പകർത്തുന്നുണ്ടോ? കേരളത്തിൻ്റെ രാഷ്ട്രീയ രംഗത്ത് മദ്യം ഇപ്പോൾ പ്രധാന അജണ്ടയായി മാറി.
ബ്രുവറിയെ കുറിച്ചാണ് കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത്. ക്യൂവിൽ നിൽകുന്ന അവസാനത്തെ ആളിനും മദ്യം നൽകണമെന്നാണ് പുതിയ നിർദേശം. ലഹരിക്കടിമപ്പെട്ട തലമുറയെ തിരിച്ച് കൊണ്ടു വരണമെന്നും സി. ദിവാകരൻ ചുണ്ടിക്കാട്ടി.