മൈസൂർ കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണം 2026 വിപുലമായ പരിപാടികളോടെ ആഘോഷിക്കും. മലയാളികളുടെ പാരമ്പര്യവും സംസ്കാരവും കൂട്ടായ്മയും വിളിച്ചോതുന്ന വിവിധ പരിപാടികളാണ് സമാജത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.
ഓണാഘോഷങ്ങളുടെ ഭാഗമായി ഓണക്കോടി വാങ്ങുന്നതിനായി ടെക്സ്റ്റൈൽ പ്രീ-സെയിൽ ഓഗസ്റ്റ് 15ന് രാവിലെ 10 മുതൽ രാത്രി 9 വരെ നടക്കും. വിവിധ വസ്ത്രങ്ങൾക്ക് ആകർഷകമായ ഓഫറുകളോടെയാണ് വിൽപ്പന ഒരുക്കുന്നത്.
ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25 തീയതികളിൽ നടക്കും. ഓണത്തിന് ആവശ്യമായ ചിപ്സ്, ഹൽവ, നേന്ത്രപ്പഴം, പച്ചക്കറികൾ, വാഴയില, നാടൻ കറിച്ചട്ടികൾ തുടങ്ങിയ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കും.
ഓണാഘോഷങ്ങളുടെ പ്രധാന ആകർഷണമായ ഓണസദ്യ സെപ്റ്റംബർ 6ന് സംഘടിപ്പിക്കും. കേരളത്തിൻ്റെ തനത് രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയ വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കുന്നത്.
മലയാളികളുടെ ഐക്യവും സൗഹൃദവും ആഘോഷമാക്കുകയാണ് ഓണാഘോഷത്തിൻ്റെ ലക്ഷ്യമെന്നും
സമാജം അംഗങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഓണാഘോഷത്തിൽ പങ്കുചേരണമെന്നും സംഘാടകർ അറിയിച്ചു.