ബെംഗളൂരുവിലെ പ്രധാന ഗതാഗതപാതയായ ഔട്ടർ റിങ് റോഡിൽ ഒക്ടോബർ 2026 മുതൽ വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ ആരംഭിക്കും. റോഡ് നവീകരണത്തിൻ്റെ ഭാഗമായി നിലവിലെ ടാർ റോഡിന് മുകളിൽ കോൺക്രീറ്റ് പാളി സ്ഥാപിക്കുന്ന രീതിയിലാണ് വൈറ്റ് ടോപ്പിങ് നടത്തുക. റോഡുകളുടെ ആയുസ് വർധിപ്പിക്കുകയും കുഴികളും ഇടയ്ക്കിടെയുള്ള അറ്റകുറ്റപ്പണികളും കുറയ്ക്കുകയുമാണ് പ്രധാന ലക്ഷ്യം.

പ്രവൃത്തികൾ ഒക്ടോബറിൽ ആരംഭിച്ച് ജനുവരിയോടെ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നിർമ്മാണ കാലയളവിൽ ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ബദൽ റോഡുകൾ ഉപയോഗപ്പെടുത്തുന്നതുൾപ്പെടെയുള്ള പ്രത്യേക ട്രാഫിക് മാനേജ്മെന്റ് പദ്ധതി തയ്യാറാക്കും.

ഔട്ടർ റിങ് റോഡിൻ്റെ ഇരുവശങ്ങളിലും കുറഞ്ഞത് 3 മീറ്റർ വീതിയുള്ള ഫുട്പാത്തുകൾ ഒരുക്കാനും നിർദേശമുണ്ട്. സർവീസ് റോഡുകളിൽ ആവശ്യമായ സ്ഥലങ്ങളിൽ ടാക്സി, ബസ് പിക്കപ്പ്–ഡ്രോപ്പ് പോയിന്റുകളും ബസ് ബേകളും സ്ഥാപിക്കും. റോഡരികിലെ അനധികൃത കൈയേറ്റങ്ങൾ നീക്കം ചെയ്യാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

നിർമാണം നടക്കുന്ന കാലയളവിൽ ഔട്ടർ റിങ് റോഡിന് സമീപമുള്ള ടെക് കമ്പനികളുമായി സഹകരിച്ച് ജീവനക്കാർക്ക് 50 ശതമാനം വരെ വർക്ക് ഫ്രം ഹോം അനുവദിക്കുന്നതിനുള്ള സാധ്യതയും സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതിലൂടെ വാഹനത്തിരക്ക് കുറയ്ക്കാനും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

2026–27 കാലയളവിൽ ബെംഗളൂരുവിൽ ഏകദേശം 450 കിലോമീറ്റർ റോഡുകളിൽ വൈറ്റ് ടോപ്പിങ് നടത്തുന്നതിനായി ഏകദേശം 3,000 കോടി രൂപ ചെലവിൽ ഡിപിആർ തയ്യാറാക്കിയിട്ടുണ്ടെന്നും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

Related Posts