വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ചൂണ്ടി സ്വദേശിനിയായ സുരമ്യ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഷിബിനെ(34) വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ പത്ത് മണിക്ക് ശേഷമാണ് കൊലപാതകം നടന്നത്. വടക്കേക്കര മുറവൻതുരുത്തിലെ ഷിബിന്റെ വീട്ടിൽ വച്ചാണ് സുരമ്യ ആക്രമിക്കപ്പെട്ടത്. ആറു വർഷമായി ഇരുവരും സൗഹൃദത്തിലായിരുന്നു. ഷിബിൻ്റെ വീട്ടിലെത്തിയ സുരമ്യ മുറിയടച്ച് ഇയാളുമായി സംസാരിക്കുന്നതിനിടെയാണ് പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്ന് ആക്രമണമുണ്ടായത്. സംഭവസമയത്ത് ഷിബിൻ്റെ വീട്ടുകാരും വീട്ടിലുണ്ടായിരുന്നു.
കൊലപാതകത്തിൻ്റെ കൃത്യമായ കാരണം വ്യക്തമല്ല. ബന്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും നേരത്തെ തർക്കിച്ചിരുന്നതായാണ് വിവരം. സുരമ്യ ഇടയ്ക്കിടെ ഷിബിൻ്റെ വീട്ടിലെത്താറുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വടക്കേക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.