ആധുനിക കേരളത്തിൻ്റെ രൂപകല്പനയിലും നിർമിതിയിലും നവോത്ഥാന കാലത്തൊപ്പം സജീവമായി പ്രവർത്തിച്ച ചരിത്രം നാടകത്തിനുണ്ടെന്നും ആ സ്മരണകൾ വീണ്ടെടുക്കുന്ന കൃതിയാണ് കെ.ആർ.കിഷോർ എഴുതിയ നാടുറങ്ങാത്ത നാടക രാവുകൾ എന്ന് പ്രശസ്ത എഴുത്തുകാരനും പുരോഗമന കലാസാഹിത്യസംഘം, സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അശോകൻ ചരുവിൽ അഭിപ്രായപ്പെട്ടു.

പ്രൊഫെഷണൽ നാടകത്തിനു ഇടക്കാലത്ത് ചില ഇടർച്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിലും സമീപകാലത്ത് കാലത്തായി അമേച്വർ നാടകം വീണ്ടു ഉണർന്ന് വരുന്ന കാഴ്ച,പ്രതീക്ഷ നൽകുന്നുണ്ട്. ഭോപ്പാൽ പുകസായുടെ ആഭിമുഖ്യത്തിൽ കൊൽക്കത്ത, മുംബൈ, ഗോവ, ബാംഗ്ലൂർ, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള എഴുത്തുകാരേയും വായനക്കാരും പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ ഓൺലൈൻ സംവാദം ഉൽഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അശോകൻ ചരുവിൽ.

നാടകത്തിൻ്റെ എല്ലാ പ്രവർത്തന മേഖലകളേയും ആവിഷ്ക്കരിക്കുന്നുണ്ട്, ഈനോവൽ. വേറെ ഇത്തരത്തിൽ പെടുത്താവുന്ന കൃതികൾ ഉണ്ടോ എന്നറിയില്ല. അതുകൊണ്ടു തന്നെ പുതുമയുള്ള അവതരണരീതിയാണ്. കഴിമ്പ്രം വിജയൻ തുടങ്ങി, കഴിഞ്ഞ കാല നാടക പ്രതിഭകളുടെ ജീവിതത്തിലേക്ക് ഈ കൃതി വെളിച്ചം വീശുന്നുണ്ട്. ഭയപ്പെടുത്തിയും പ്രലോഭനങ്ങൾ നൽകിയും കഴിവുള്ള കലാകാരന്മാരെ വിലക്ക് വാങ്ങുന്ന വർത്തമാന കാലത്തിലെ ചില കലാപ്രവർത്തകരുടെ പതനവും, സങ്കീർണ്ണമായ ജീവിതപ്രശ്നങ്ങളും ആവിഷ്കരിക്കുന്നതിലൂടെ ഈ കൃതി കാലികമായി പ്രസക്തമാവുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭോപ്പാൽ പുകസാ പ്രസിഡണ്ട് കെ.ആർ.മനോജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഷാബു എസ്.ധരൻ സ്വാഗതമാശംസിച്ചു. പുകസാ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.വി.ഡി.പ്രേംപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. പുകസാ സംസ്‌ഥാന കൗൺസിൽ അംഗം ഇക്ബാൽ കൊടുങ്ങല്ലൂർ, ഡോ.ഉഷാ ബാലകൃഷ്ണൻ, അനീസ് സി സി ഒ എന്നിവർ അനുബന്ധ പ്രഭാഷണം നടത്തി.

അഡ്വ. വി. ഡി. പ്രേംപ്രസാദ് നാടക സംവിധായകൻ

പൊതുവെ കാണുന്ന സുഘടിതമായ സംഭവങ്ങളോ പിരിമുറുക്കമോ ഉള്ള നോവൽ രീതിയിൽ നിന്നും ഭിന്നമായി അയഞ്ഞതും അയത്ന ലളിതവും വിളിച്ചു പറയലുകളുമുള്ള ഈ നോവൽ ബെതോൾഡ് ബ്രഹ്തിൻ്റെ കലാസങ്കല്പങ്ങൾ രചനയിൽ എഴുത്തുകാരൻ സ്വീകരിച്ചതായി തോന്നുന്നുണ്ട്. പുരോഗമനപരമായ ജീവിത സമീപനം ഈ കൃതിയിൽ പ്രകടമാവുന്നുണ്ട്.
കൂടെ കിടന്നിരുന്ന ജീവിത പങ്കാളിയെ കാണാതെ എഴുന്നേറ്റപ്പോൾ, അയൽക്കാരി ജാനുവിനോടൊപ്പം കിടക്കുന്ന രംഗം കണ്ടെങ്കിലും സംയമനത്തോടെ, തിരിച്ചുവന്നു കിടന്നുറങ്ങുകയും അടുത്ത ദിവസം രാവിലെ തൻ്റെ ജീവിത പങ്കാളിയെയും ജാനുവിനെയും കല്യാണം കഴിപ്പിച്ചു അയാളുടെ ബന്ധനത്തിൽ വിട്ടിറങ്ങുന്ന നിന്നും ചന്ദ്ര ജ്വലിച്ചു നിൽക്കുന്നു.

ബലാൽസംഗം ചെയ്യപ്പെട്ട ഉണ്ണിമാളുവിനെ ജീവിതസഖിയാക്കാൻ അബ്ദുൾകലാം മുന്നോട്ടു വരുന്ന മുഹൂർത്തം സ്വാഭാവികതയോടെയാണ് ആവിഷ്കരിക്കപ്പെട്ടതു. അതുപോലെ, വർഗ്ഗീയവാദികളാൽ വാപ്പ കൊല്ലപ്പെട്ടുവന്ന വാർത്ത കേട്ടിട്ടും തളരാതെ, സ്വന്തം കഥാപാത്രത്തിൻ്റെ വേഷം രംഗത്തഭിനയിച്ചു പൂർത്തിയാക്കുന്ന റിയാസിൻ്റെ അനുഭവം നിരവധി കലാകാരന്മാർക്കുണ്ടായിട്ടുണ്ട്. അമ്മയുടെ മരണവാർത്തകേട്ടിട്ട്, അവതരിപ്പിച്ചു കൊണ്ടിരുന്ന നാടകം പൂർത്തിയാക്കേണ്ടി വന്ന അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഓരോ അധ്യായങ്ങളിലും വിശകലനംനടത്തികൊണ്ടു, ഈ കൃതിമികച്ച വായനാസുഖം നൽകുന്ന നോവലാണെന്നു അഡ്വ.വി.ഡി.പ്രേംപ്രസാദ്‌ അഭിപ്രായപ്പെട്ടു.

ഇക്‌ബാൽ കൊടുങ്ങല്ലൂർ പ്രഭാഷകൻ, സാംസ്‌കാരിക പ്രവർത്തകൻ

തൃശൂർ മണപ്പുറത്തെ കേന്ദ്രമാക്കുന്ന ഇതിവൃത്തമാണെങ്കിലും കേരളീയ സമൂഹത്തിൻ്റെ പരി ച്ഛേദമാണ് ഈ നോവൽ. നാടകത്തെ തിയ്യറ്റർ എന്ന ലോകസങ്കപ്പത്തോട് ചേർത്ത് നിർത്താൻ, മലയാളത്തിൻ്റെതായ ഒരു നാടക വേദിക്കുള്ള പ്രവർത്തനം അജണ്ടയാക്കുന്ന സുഗന്ധിയും ആശാനും ഏതൊരു നാടകപ്രവർത്തകരുടേയും പ്രതീക്ഷയുടെ പ്രതീകങ്ങളാണ്, ഈ നോവലിൻ്റെ രചയിതാവിൻ്റെ കൂടി സ്വപ്നമാണ്.

തെരഞ്ഞെടുപ്പുകൾ പണം സമ്പാദിക്കാനുള്ള മാർഗ്ഗമായി കാണുന്ന കുരുവി ലംബോധരൻ പിള്ള ആധുനികകാലത്തു ഓരോ തെരഞ്ഞെടുപ്പിനേയും പണം സമ്പാദിക്കുന്നതു അജണ്ടയായി കാണുന്ന രാഷ്ട്രീയ പാർട്ടിയെ ഓർമ്മപ്പെടുത്തി. ജീവിതം നാടകത്തിനായി സമർപ്പിച്ച കഴിമ്പ്രം വിജയനെപ്പോലുള്ള വരുടെ ജീവിതചിത്രങ്ങൾ ഇതിൽ ആവിഷ്‌കരിക്കുമ്പോൾ, ആ ദുരന്തത്തെ വേദനയോടെ ഓർമ്മിക്കുന്നു. വിഘടനവാദികളിൽ നിന്നും മൂസമാസ്റ്റർ അനുഭവിക്കുന്ന ആക്രമണം, ഏതൊരു സാംസ്‌കാരിക പ്രവ ർത്തകനും സംഭവിക്കുന്നതാണ്

ജീവിത പ്രതിസന്ധികളെ അപാരമായ ക്ഷമയോടെ നേരിടുന്ന കരുത്തുള്ള സ്ത്രീ കഥാപാത്രങ്ങൾ ഈ കൃതിയുടെ ശക്തിയാണ്. “നാടുറങ്ങാത്ത നാടകരാവുകൾ” നല്ലൊരു സൃഷ്ടിയാണെന്ന് ഇക്‌ബാൽ കൊടുങ്ങല്ലൂർ അഭിപ്രായപ്പെട്ടു.

ഡോ.ഉഷാ ബാലകൃഷ്ണൻ അദ്ധ്യാപിക, എഴുത്തുകാരി

ചരിത്രസത്യങ്ങൾക്കു നേരെ മുഖം തിരിക്കുന്നവരെ തിരിച്ച റിയാനും പ്രതിരോധിക്കാനുമുള്ള സാംസ്കാരിക ഇടപെടൽ ആയിരുന്നു നാട്ടരങ്ങുകൾ. സമാനമായ ഒരു സത്യപ്രതിസന്ധി നിലനിൽക്കുന്ന വർത്തമാന കാലഘട്ടത്തിൽ നാടകത്തിൻ്റെ അണിയറകളിലൂടെ സഞ്ചരിക്കുന്നകർമ്മ സാക്ഷിയായ ആശാനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ടു രചിച്ച, “നാടുറങ്ങാത്ത നാടകരാവുകൾ” കാലം ആവശ്യപ്പെടുന്ന ജാഗ്രതാക്കു റിപ്പുകൾ കൂടിയാണ്.

അനീസ് അലി എഴുത്തുകാരൻ. ബാംഗ്ലൂർ

“നാടുറങ്ങാത്തനാടകരാവുകൾ” നാടക ത്തിൻ്റെ ചരിത്രവും അരങ്ങിൻ്റെ ഓർമ്മകളും മാത്രമല്ല, അധി കാരം, രാഷ്ട്രീയം, മനുഷ്യൻ, കലാകാരൻ എന്നിവ തമ്മിലുള്ള സങ്കീർണ്ണ ബന്ധങ്ങളും ചർച്ച ചെയ്യുന്ന പുസ്തകമാണ്.

അനന്തരാമൻ ഉൾപ്പെടെയുള്ള കഥാപാത്രങ്ങളിലൂടെ, നല്ല ആശയങ്ങളും കലാകാരന്മാരും അധികാരകേന്ദ്രങ്ങൾ എങ്ങനെ സ്വന്തമാക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നു എന്നതും പുസ്തകം ചർച്ചചെയ്യുന്നു. അതുകൊണ്ടു തന്നെ നാടകത്തെ ചരിത്രത്തിൻ്റെ രേഖയായും അധികാരത്തെ ചോദ്യം ചെയ്യുന്ന കലാരൂപമായും വായിക്കേണ്ടതിൻ്റെ പ്രസക്തിയാണ് പുസ്തകം മുന്നോട്ടു വയ്ക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എഴുത്തുകാരും, പുകസ പ്രവർത്തകരും നോവലിലെ കഥാ പാത്രങ്ങളുടെ മാനുഷികതലങ്ങളും സാമൂഹ്യഇടപെടലുകളും വിശകലനം ചെയ്ത് സംവാദാത്മകമാക്കി.
ബാംഗ്ലൂർ പുകസാ പ്രസിഡണ്ട് വല്ലപ്പുഴ ചന്ദ്രശേഖരൻ, ശാന്തകുമാർ എലപ്പുള്ളി, രതി സുരേഷ്, ബിന്ദു. പി.മേനോൻ, പി.ഗീത, സുദേവൻ പുത്തൻചിറ, അനിത എസ് നാഥ്, രമേശ് മാണിക്കോത്ത്, പി.പി. പ്രദീപ്, കൃഷ്ണമ്മ ടീച്ചർ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്ത് സംസാരിച്ചു.

നോവൽ രചയിതാവ് കെ ആർ കിഷോർ മറുമൊഴി രേഖപ്പെടുത്തി.

Related Posts