വർത്തൂർ മലയാളി അസോസിയേഷൻ (VMA) സംഘടിപ്പിക്കുന്ന ‘നമ്മ ഓണം 2026’ ആഗസ്റ്റ് 15, 16 തീയതികളിൽ വർത്തൂരിലെ മധുരശ്രീ കോൺവെൻഷൻ സെന്ററിൽ വിപുലമായ പരിപാടികളോടെ നടക്കും. മഹാദേവപുര എം.എൽ.എ. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഓണാഘോഷം മലയാളികളുടെ ഐക്യവും കേരളത്തിൻ്റെ തനത് കലാ-സാംസ്കാരിക പാരമ്പര്യവും വിളിച്ചോതുന്ന വേദിയായി മാറുമെന്ന് സംഘാടകർ അറിയിച്ചു.

ആഗസ്റ്റ് 15-ന് വിവിധ മത്സരങ്ങളും വിനോദപരിപാടികളും അരങ്ങേറും. പൂക്കളം, ചിത്രരചന, പാചകം തുടങ്ങിയ മത്സരങ്ങൾക്കൊപ്പം പരമ്പരാഗത ഓണക്കളികളും ആവേശകരമായ വടംവലി മത്സരവും സംഘടിപ്പിക്കും. കുട്ടികൾക്കായി പ്രത്യേക ഫാൻസി ഡ്രസ് മത്സരവും ഉണ്ടായിരിക്കും. ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരുന്നതിനായി രാത്രി DJ & വാട്ടർ ഡ്രം പരിപാടിയും ഒരുക്കിയിട്ടുണ്ട്.

ആഗസ്റ്റ് 16-ന് വൈവിധ്യമാർന്ന കലാപരിപാടികളും വിപുലമായ ഓണസദ്യയും നടക്കും. തിരുവാതിര, മാർഗംകളി, കൈകൊട്ടിക്കളി തുടങ്ങിയ കേരളീയ കലാരൂപങ്ങൾക്കൊപ്പം VMA ജൂനിയർ തിരുവാതിരയും അരങ്ങേറും. തുടർന്ന് രംഗപൂജയും തീം ഡാൻസും നടക്കും. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. ആഘോഷത്തിൻ്റെ പ്രധാന ആകർഷണങ്ങളിലൊന്നായ വമ്പിച്ച ഓണസദ്യയും അന്നേദിവസം ഒരുക്കിയിട്ടുണ്ട്. പ്രശസ്ത പ്ലേബാക്ക് ഗായിക ദുർഗാ വിശ്വനാഥ്, ഗായകൻ അരവിന്ദ് നായർ, കലാഭവൻ പ്രതീഷ് എന്നിവർ നയിക്കുന്ന സംഗീത വിരുന്ന് പ്രേക്ഷകർക്ക് വേറിട്ട അനുഭവമാകും.

ഇതോടൊപ്പം, ജൂലൈ മാസത്തിൽ VMA സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിലെ വിജയികൾക്കുള്ള സമ്മാനദാനവും ആഗസ്റ്റ് 16-ന് വേദിയിൽ നടക്കും. വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ 150-ലധികം മത്സരാർത്ഥികൾ പങ്കെടുത്തു.

മലയാളി സമൂഹത്തിൻ്റെ കൂട്ടായ്മയും സൗഹൃദവും കേരളീയ പാരമ്പര്യവും ആഘോഷമാക്കുന്ന ‘നമ്മ ഓണം 2026’ വിജയകരമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9886264611 / 77605 88994

Related Posts