ബാംഗ്ളൂർ കേരള സമാജവും, സുരഭിലം ഗ്ലോബലും സംയുക്തമായി സംഘടിപ്പിക്കുന്ന – സുരഭിലം ഏകദിന സർഗ്ഗ സംഗമം-2026′ ആഗസ്റ്റ് 16-ാo തീയതി ഞായറാഴ്ച ബാംഗ്ളൂർ ഇന്ദിരാ നഗർ കൈരളി നികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ, പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ, കവിയും എഴുത്തുകാരനുമായ സുരേഷ് മണ്ണാറശാല, കവിയും സാഹിത്യകാരിയുമായ അനുരാധ നാലപ്പാട്, കവിയും എഴുത്തുകാരിയുമായ അനാമിക ഹരിപ്പാട് തുടങ്ങിയ പ്രശസ്തരായ സർഗ്ഗധനർക്കൊപ്പം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, വിദേശങ്ങളിൽ നിന്നുമുള്ള പ്രവാസി സാഹിത്യ പ്രതിഭകളും പങ്കെടുക്കും.
മലയാള സാഹിത്യത്തിനും സംസ്കാരത്തിനും സമഗ്ര സംഭാവനകൾ നൽകിയ എഴുത്തുകാരെയും കലാകാരന്മാരെയും ആദരിക്കും. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഗോവ, ഹൈദരാബാദ്, കോഴിക്കോട്, ലണ്ടൻ, മൈസൂരു, മുംബൈ, ഒമാൻ, ഷാർജ, സിംഗപ്പൂർ, ചിക്കാഗോ, ജർമ്മനി തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള 135 മലയാളി സർഗപ്രതിഭകളുടെ സാഹിത്യ സൃഷ്ടികൾ ഉൾപ്പെടുത്തി പുറത്തിറക്കുന്ന ‘സുരഭിലം 2026’ സ്മരണിക ചടങ്ങിൽ പ്രകാശനം ചെയ്യും.
സാഹിത്യ സംവാദങ്ങൾ, ആശയവിനിമയങ്ങൾ, പരിചയപ്പെടുത്തലുകൾ, പുസ്തക പ്രകാശനങ്ങൾ, സുരഭിലം വൈബ് സൈറ്റ് ഉദ്ഘാടനം, തുടങ്ങിയ വൈവിധ്യം നിറഞ്ഞ പരിപാടികൾക്ക് സുരഭിലം ഗ്ലോബൽ സാരഥികൾ എസ് കെ നായർ, വിഷ്ണു മംഗലം കുമാർ, ഡോ.സുഷമ ശങ്കർ, കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം, സെക്രട്ടറി റജി കുമാർ, ജോർജ്ജ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.
സാമൂഹിക, സാംസ്കാരിക, പ്രവർത്തർക്കും, സാഹിത്യാസ്വാദകർക്കും, ബെംഗളൂരുവിലെ മലയാളി സമൂഹത്തിനും ഒത്തുചേരാനും മലയാള ഭാഷയുടെയും സാഹിത്യത്തിൻ്റെയും സമകാലിക വളർച്ചയെക്കുറിച്ച് സംവദിക്കാനും വേദിയൊരുക്കുകയാണ് ‘സുരഭിലം 2026’. എല്ലാ പ്രവാസി മലയാളികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 95919 22522