കേരളത്തിലെ ക്ഷേമ പെൻഷൻ വിതരണരീതിയിൽ സമൂലമായ മാറ്റം കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. നിലവിൽ സഹകരണ ബാങ്കുകൾ മുഖേന വീട്ടിലെത്തിച്ച് നൽകുന്ന പെൻഷൻ സംവിധാനം അവസാനിപ്പിച്ച്, ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലൂടെ നേരിട്ട് തുക കൈമാറുന്ന രീതിയിലേക്ക് മാറാനാണ് തീരുമാനം.

കിടപ്പുരോഗികളും ശാരീരിക അവശത മൂലം ബാങ്കിലെത്താൻ കഴിയാത്തവരും ഉൾപ്പെടെയുള്ള ഒഴിവാക്കാനാകാത്ത പ്രത്യേക വിഭാഗങ്ങൾക്ക് മാത്രമായിരിക്കും ഇനി വീട്ടിലെത്തിച്ച് പെൻഷൻ വിതരണം. ഇതുസംബന്ധിച്ച നിർദേശം ധനവകുപ്പ് തത്വത്തിൽ അംഗീകരിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നിലവിൽ സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാരാണ് ഗുണഭോക്താക്കളുടെ വീടുകളിൽ എത്തി പെൻഷൻ വിതരണം ചെയ്യുന്നത്. പുതിയ തീരുമാനം നടപ്പായാൽ ഈ സംവിധാനം അവസാനിക്കുകയും ഏജന്റുമാർക്ക് ലഭിച്ചിരുന്ന ഇൻസെന്റീവും ഇല്ലാതാകുകയും ചെയ്യും. കേന്ദ്ര സർക്കാർ നിർദേശിച്ച ക്ഷേമപെൻഷൻ വിതരണ മാനദണ്ഡങ്ങളുമായി സംസ്ഥാന സംവിധാനം യോജിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പരിഷ്‌കാരമെന്ന് ധനവകുപ്പ് ഉത്തരവിൽ വ്യക്തമാക്കുന്നു.

Related Posts