ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ നടക്കുന്ന ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയതായാണ് വിവരം. ഇറാനും ഒമാനും മാത്രം കൈകാര്യം ചെയ്യുന്ന താത്കാലിക സമുദ്ര ഗതാഗതപാതയെക്കുറിച്ചുള്ള ധാരണയിൽ ഇരുരാജ്യങ്ങളും എത്തിയെന്നാണ് ഇറാൻ അവകാശപ്പെടുന്നത്.

അതേസമയം, ഹോർമുസ് കടലിടുക്കിൽ ഇറാന് മേൽക്കൈ ലഭിക്കുന്ന തരത്തിലുള്ള യാതൊരു ധാരണയും അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ചർച്ചകൾ പുരോഗമിക്കുകയാണെന്നും കരാർ യാഥാർഥ്യമാകാനുള്ള സാധ്യത നിലനിൽക്കുകയാണെന്നും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ധാരണയിലെത്താൻ സാധ്യതയുണ്ടെന്ന് യു.എസ്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ കപ്പൽഗതാഗതം ഉറപ്പാക്കുന്നതിനായി ‘മിഡിൽ കോറിഡോർ’ എന്ന താത്കാലിക ഗതാഗത സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ചാണ് ഇറാനും ഒമാനും പ്രധാനമായും ചർച്ച നടത്തുന്നത്.

എന്നാൽ, അമേരിക്കയുടെ ഇടപെടലാണ് കരാർ വൈകുന്നതിനുള്ള പ്രധാന കാരണമെന്ന് ഇറാൻ ആരോപിച്ചു. അതേസമയം, ചർച്ചകൾ അനുകൂല ദിശയിൽ മുന്നേറുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം കുറയുമെന്ന പ്രതീക്ഷയാണ് എണ്ണവില താഴാൻ പ്രധാന കാരണം.

Related Posts