ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാനെ തരിപ്പണമാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില നൽകി ഇറാൻ. ചൊവ്വാഴ്ചയ്ക്കു മുമ്പു ആക്രമണത്തിനു ശ്രമിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രയേലിലെ ഹൈഫയിൽ വൻ ആക്രമണവും നടത്തി.
10 തവണ ഹൈഫയിൽ ആക്രമണം നടന്നതായിട്ടാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹൈഫയിൽ ഒരു പാർപ്പിട സമുച്ചയത്തിൽ ഇറേനിയൻ മിസൈൽ പതിച്ചു രണ്ടു പേർ കൊല്ലപ്പെട്ടു. 4 പേർക്കു പരിക്കേറ്റു. രണ്ടു പേരെകൂടി കണ്ടെത്താനുണ്ട്.
ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാനിലെ പാലങ്ങൾക്കും പവർ പ്ലാന്റുകൾക്കും നേരെ കടുത്ത ആക്രമണം നടത്തുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ, ഇതു വകവയ്ക്കാതെയാണ് ഇറാന്റെ പുതിയ പ്രകോപനങ്ങൾ. തങ്ങളെ ആക്രമിച്ചാൽ ഗൾഫ് രാജ്യങ്ങളിലെ പാലങ്ങളും എണ്ണപ്ലാന്റുകളും തകർക്കുമെന്നാണ് അവർ മറുഭീഷണി മുഴക്കിയിരിക്കുന്നത്.
ഗൾഫ് മേഖലയിലുടനീളവും ഇറാന്റെ ആക്രമണം തുടരുകയാണ്. കുവൈറ്റിലെ ജലശുദ്ധീകരണ പ്ലാന്റുകൾക്കും വൈദ്യുതി, എണ്ണ പ്ലാന്റുകൾക്കും നേരെയും ആക്രമണമുണ്ടായി. ബഹ്റിനിലെ ഒരു എണ്ണക്കമ്പനിക്കു നേരെയും ആക്രമണമുണ്ടായി.