വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ചർച്ച നടത്തി. ഇരുവരും തമ്മിൽ ഞായറാഴ്ച ഫോണിലൂടെ സംസാരിച്ചതായി എസ്.ജയശങ്കർ എക്സ് ഹാൻഡിലിലൂടെ അറിയിക്കുകയായിരുന്നു. സംഘർഷം രൂക്ഷമായതിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആറാമത്തെ ഫോൺ സംഭാഷണമാണിത്. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച നടത്തിയതായി എസ്.ജയശങ്കർ വ്യക്തമാക്കി.
മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഹോർമുസ് കടലിടുക്ക് വഴി ചരക്കുനീക്കം സുഗമമാക്കുന്നതിനും ഇന്ത്യ മുൻഗണന നൽകുന്നതായി ജയശങ്കർ വ്യക്തമാക്കി. യുദ്ധസാഹചര്യത്തിൽ ഇന്ധന വിലവർധനവും വിതരണത്തിലെ തടസങ്ങളും ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങളും ചർച്ചയിൽ ഉയർന്നുവന്നതായാണ് വിവരം.