ഗ്യാസ് സിലിണ്ടറുകൾ പൂഴ്ത്തിവയ്ക്കുന്നതിനും കരിഞ്ചന്തയിൽ വിൽക്കുന്നതിനുമെതിരെ കർശന നടപടികളുമായി പെട്രോളിയം മന്ത്രാലയം. മാർച്ചിൽ മാത്രം 50,000 സിലിണ്ടറുകളാണ് കരിഞ്ചന്തയിൽ പിടിച്ചെടുത്തത്. 1,400 വിതരണക്കാർക്ക് വീഴ്ച വരുത്തിയതിൽ നോട്ടീസ് നൽകുകയും 36 ഏജൻസികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിതരണം 70 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വീടുകൾക്കും ഗതാഗത മേഖലയ്ക്കും ആവശ്യമായ പ്രകൃതി വാതക വിതരണം തടസമില്ലാതെ തുടരുന്നു.
പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ലെന്നും രാജ്യത്തെ എല്ലാ റിഫൈനറികളും പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പെട്രോൾ പമ്പുകളിൽ മതിയായ സ്റ്റോക്ക് ഉണ്ടെന്നും സർക്കാർ അറിയിച്ചു.