ഇന്ത്യയെയും കാഷ്മീരിനെയും ലക്ഷ്യം വയ്ക്കുന്ന വിവിധ തീവ്രവാദ സംഘടനകൾക്ക് പാക്കിസ്ഥാൻ അഭയം നൽകുന്നുവെന്ന് യുഎസ് കോണ്‍ഗ്രഷണൽ റിസർച്ച് സർവീസിന്റെ (സിആർഎസ്) റിപ്പോർട്ട്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന 15 തീവ്രവാദ സംഘടനകളെയാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഇതിൽ പലതും 1980കൾ മുതൽ പ്രവർത്തിച്ചുവരികയാണെന്നും 15ൽ 12ഉം അമേരിക്കൻ നിയമത്തിനു കീഴിൽ വിദേശ തീവ്രവാദ സംഘടനകളായി (എഫ്ടിഒ) നിർണയിക്കപ്പെട്ടവയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2001 പാർലമെന്റ് ഭീകരാക്രമണവുമായി ബന്ധമുള്ള ജയ്ഷ്-ഇ-മൊഹമ്മദും 2008ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ലഷ്കർ-ഇ-തൊയ്ബയും ഉൾപ്പെടെയുള്ള കാഷ്മീർ കേന്ദ്രീകൃതമായ അഞ്ചു തീവ്രവാദസംഘടനകൾ ഇപ്പോഴും പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.